ബാര്‍ബര്‍ മുടിവെട്ടിക്കൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് എത്തിയത് ജയിലിൽ; യുഎഇയിൽ നടന്ന സംഭവത്തിന് പിന്നിൽ

single-img
23 November 2019

റാസല്‍ഖൈമയിലെ ബാര്‍ബര്‍ ഷോപ്പില്‍ ബാർബർ മുടിവെട്ടുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് ഒടുവില്‍ എത്തിച്ചേര്‍ന്നത് ജയിലില്‍. മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന യുവാവ് ബാര്‍ബര്‍ ഷോപ്പിലെത്തി മുടിവെട്ടാന്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് ബാര്‍ബര്‍ മുടിവെട്ടിക്കൊണ്ടിരിക്കുന്നതിനിടെ ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ പരിഭ്രാന്തനായ ബാര്‍ബര്‍ നാഷണല്‍ ആംബുലന്‍സുമായി ബന്ധപ്പെട്ടു.

വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ സ്ഥലത്തെത്തിയ പാരാമെഡിക്കല്‍ സംഘം പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ നടന്ന രക്ത പരിശോധനയിലാണ് ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി യുവാവ് സമ്മതിച്ചു.

തനിക്ക് സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ലഹരി മരുന്നുകള്‍ കിട്ടിയതെന്ന് ഇയാൾ അറിയിച്ചതിനെ തുടർന്ന് സുഹൃത്തിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തി. പരിശോധനയിൽ ഇവിടെ നിന്ന് ഉപയോഗിച്ച സിറിഞ്ചുകള്‍ കണ്ടെടുത്തു. ഇവയിലും മയക്കുമരുന്നിന്റെ അംശമുണ്ടായിരുന്നു. അതോടുകൂടി സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിന് ശേഷം ഇരുവരെയും പോലീസ് പ്രോസിക്യൂഷന് കൈമാറുകയും മയക്കുമരുന്ന് എത്തിച്ച കുറ്റത്തിന് ഇവരുടെ ഒരു പെണ്‍സുഹൃത്തിനെയും പ്രതിചേക്കുകയും ചെയ്തു. തുടർന്ന് റാസല്‍ഖൈമ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവര്‍ക്കും രണ്ടുവര്‍ഷം വീതം ജയില്‍ ശിക്ഷയാണ് വിധിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന പ്രതിയായ യുവതിയില്‍ നിന്ന് 10,000 ദിര്‍ഹം പിഴ ഈടാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.