ലൈംഗിക പീഡനത്തിന് ഇനിമുതൽ ഇരട്ടി ശിക്ഷ; നിയമ ഭേദഗതിയുമായി യുഎഇ

single-img
22 November 2019

യുഎഇ നിയമ ഭേദഗതിയിലൂടെ ലൈംഗിക പീഡനത്തിനുള്ള ശിക്ഷ ഇരട്ടിയാക്കി മാറ്റി. പുതിയ നിയമം പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവായി പുറത്തുവിട്ടു. പുതിയ നിയമ പ്രകാരം ലൈംഗിക പീഡനക്കേസിൽ കുറ്റവാളികൾക്ക് 2 വർഷത്തിൽ കുറയാത്ത തടവോ 50,000 ദിർഹത്തിൽ കുറയാത്ത പിഴയോ രണ്ടും കൂടിയോ ലഭിക്കും.

അതേപോലെ തന്നെ വാക്കുകൊണ്ടോ ആംഗ്യം കൊണ്ടോ മറ്റൊരാളെ പീഡിപ്പിക്കുന്നതും അഭിമാനത്തിന് ക്ഷതമേൽപ്പിക്കുംവിധം പെരുമാറുന്നതും ശിക്ഷാർഹമാണ്. സോഷ്യൽ മീഡിയയിലൂടെ സ്ത്രീയെ അപമാനിച്ചാൽ 1 വർഷം തടവും 10,000 ദിർഹം വരെ പിഴയുമായിരിക്കും ശിക്ഷ.

നിയമം ലംഘിക്കുന്നത് വിദേശ പൗരനാണെങ്കിൽ ശിക്ഷയ്ക്ക് ശേഷം നാടുകടത്തും. അതേപോലെ തന്നെ കോടതി കുറ്റവാളിയാണെന്ന് പ്രഖ്യാപിച്ച വ്യക്തിയെ യുഎഇ തൊഴിൽ നിയമം അനുസരിച്ച് ജോലിയിൽ നിന്നും തൊഴിലുടമയ്ക്ക് പിരിച്ചുവിടാനും സാധിക്കും.