അവധി ചോദിച്ച അധ്യാപികയെ അസഭ്യം വിളിച്ച കേസ്: പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

single-img
14 November 2019

ഒറ്റപ്പാലം: അവധി ചോദിച്ച അധ്യാപികയെ അസഭ്യം വിളിച്ച കേസില്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. സംസ്ഥാന വനിതാ കമ്മിഷന്‍ ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്തു. ചുനങ്ങാട് പിലാത്തറ എസ് ഡി വിഎം എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അമ്പലപ്പാറ പടിപ്പുരയ്ക്കല്‍ ഉദുമാന്‍കുട്ടിയാണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ശല്യംചെയ്യല്‍, തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

സ്‌കൂളില്‍വച്ചു നടന്ന അസഭ്യം പറച്ചിലിന്റെ ഫോണ്‍ റിക്കോര്‍ഡിഗ് സഹിതമാണ് അധ്യാപിക പൊലീസിനെ സമീപിച്ചത്. പ്രധാനാധ്യാപകനും സ്‌കൂളിലെ മൂന്ന് അധ്യാപികമാരും തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായ ഭിന്നതയാണു കേട്ടാലറയ്ക്കുന്ന തെറിവിളിയിലെത്തിയതെന്നു പൊലീസ് പറഞ്ഞു. സ്വന്തം കുട്ടിയുടെ സ്‌കൂളിലേക്കു പോകാനാണ് അധ്യാപിക രേഖാമൂലം പ്രധാനാധ്യാപകനോട് അര ദിവസത്തെ അവധി ചോദിച്ചത്.

അവധി നിഷേധിച്ചതിനു പുറമേ പ്രധാനാധ്യാപകന്‍ അധ്യാപികയെ കൈയില്‍ കയറിപ്പിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണു പരാതി. കുഴഞ്ഞുവീണ അധ്യാപിക താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രധാനാധ്യാപകനെ ഇടക്കാല ജാമ്യത്തില്‍ വിട്ടയച്ചു.