കൂടത്തായി കൊലപാതക പരമ്പര; ജോളി അന്നമ്മയെ കൊലപ്പെടുത്തിയത് നായയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ചെന്ന് സൂചന • ഇ വാർത്ത | evartha Koodathayi murder latest update
Crime, Kerala

കൂടത്തായി കൊലപാതക പരമ്പര; ജോളി അന്നമ്മയെ കൊലപ്പെടുത്തിയത് നായയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ചെന്ന് സൂചന

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അന്വേഷണ സംഘത്തിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മുഖ്യപ്രതി ജോളി അന്നമ്മയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് നായയെ കൊല്ലാനുള്ള വിഷമാണെന്നാണ് പുതിയ സൂചന. ഡോഗ് കില്‍ എന്ന വിഷമാണ് ഉപയോഗിച്ചത്. കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്നാണ് വിഷം വാങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് വിവരം.

ഇക്കാര്യം വ്യക്തമാക്കുന്ന രേഖകള്‍ കണ്ടെടുത്തെന്നാണ് സൂചന. ആട്ടിന്‍ സൂപ്പില്‍ കീടനാശിനി കലര്‍ത്തിയാണ് അന്നമ്മയെ കൊന്നതെന്നായിരുന്നു അദ്യം ജോളി നല്‍കിയ മൊഴി. എന്നാല്‍ അന്വേഷണ സംഘത്തിനെ വഴിതെറ്റിക്കാനാണ് തെറ്റായ മൊഴി നല്‍കിയതെന്നാണ് നിഗമനം.

അതേസമയം അഞ്ചാമത്തെ കേസിലും ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്.