വായിലൂടെ തലയോട്ടിയിൽ തുളച്ചുകയറിയ വെടിയുണ്ട പുറത്തെടുത്തു; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്നത് അതിസങ്കീർണ്ണ ശസ്ത്രക്രിയ

single-img
12 November 2019

എയർഗണ്ണിൽ നിന്നും അബദ്ധത്തിൽ വെടിയുതിര്‍ന്നതിനെ തുടർന്ന് വായിലൂടെ തലയോട്ടിയിൽ തുളച്ചുകയറിയ വെടിയുണ്ട മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന സങ്കീർണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മനുഷ്യ ശരീരത്തിനുള്ളിൽ കടന്ന ഫോറിൻബോഡി (അന്യവസ്തു) പുറത്തെടുക്കുന്ന വളരെ സൂക്ഷ്മമായ ശസ്ത്രക്രിയ രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് ഇവിടെ നടക്കുന്നത്.

തിരുവനന്തപുരം വർക്കല സ്വദേശിയായ 36 കാരന്റെ ശസ്ത്രക്രിയയാണ് ഇന്ന് വിജയകരമായി നടന്നത്. ഇയാൾ എയർഗൺ തുടച്ചു വൃത്തിയാക്കുന്നതിനിടെ തോക്കിൽ നിന്നും വെടി പൊട്ടുകയും വെടിയുണ്ട വായിലൂടെ തുളച്ചുകയറി തലയോട്ടിയ്ക്കടിയിൽ മെഡുലയ്ക്ക് മുന്നിലായി തറച്ചു നില്‍ക്കുകയുമായിരുന്നു.

മെഡിക്കൽ കോളേജിൽ ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവിനെ അഡീഷണൽ പ്രൊഫസറും ആശുപത്രി സൂപ്രണ്ടുമായ ഡോ. എംഎസ് ഷർമ്മദിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. മൂന്നര മണിക്കൂർ സമയം നീണ്ട ശസ്ത്രക്രിയയിൽ മൈക്രോസ്കോപ്പ്, സിആം എന്നീ ഉപകരണങ്ങളുടെ സഹായത്തോടെ വായിലൂടെ തന്നെ വെടിയുണ്ട പുറത്തെടുത്തു.

സൂക്ഷ്മമായ ഈ ശസ്ത്രക്രിയയിൽ മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിലെ ഡോ. അഭിഷേക്, ഡോ. രാജ് എസ് ചന്ദ്രൻ, ഡോ. ദീപു, ഇ എൻ ടി വിഭാഗത്തിലെ ഡോ. നിഖില, ഡോ. മുബിൻ, ഡോ. ലെമിൻ, ഡോ. ഷാൻ, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ. ഉഷാകുമാരി, ഡോ. ജയചന്ദ്രൻ, ഡോ. നരേഷ്, ഡോ. ഗായത്രി, ഡോ. രാഹുൽ, നേഴ്സുമാരായ ബ്ലെസി, സിന്ധു തീയേറ്റർ ടെക്നീഷ്യൻ ജിജി, സയന്റിഫിക് അസിസ്റ്റൻറ് റിസ് വി, തീയേറ്റർ അസിസ്റ്റന്റുമാരായ നിപിൻ, വിഷ്ണു എന്നിവർ പങ്കാളികളായി.