വിപണിയിൽ ഇടിവ്; വിദേശ കമ്പനികളുമായി ചേർന്ന് പ്രവർത്തനം വ്യാപിപ്പിക്കാൻ പതഞ്ജലി • ഇ വാർത്ത | evartha Patanjali MNC deals: Patanjali open to deals with MNCs

യോഗാചാര്യന്‍ ബാബാ രാംദേവിന്റെ കീഴിലുള്ള ബ്രാന്‍ഡായ പതഞ്ജലി ആയുര്‍വേദ് വിദേശ കമ്പനികളുമായി ചേർന്ന് അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ആഭ്യന്തര- അന്താരാഷ്‌ട്ര വിപണിയില്‍ ഉത്പന്നങ്ങള്‍ക്ക് ഇടിവ് നേരിട്ടതിനെ തുടര്‍ന്ന്‍ അന്താരാഷ്ട്ര തലത്തിൽ വ്യാപാരം വികസിപ്പിക്കാൻ ഉദ്ദേശിച്ച് നാലോളം കമ്പനികളുമായി ചർച്ചയിലാണെന്ന് കമ്പനിയുടെ സിഇഒ ആചാര്യ ബാൽകൃഷ്ണ പറഞ്ഞു.

പക്ഷെ ഏതൊക്കെ കമ്പനികളുമായാണ് ചർച്ച നടത്തിയതെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയുടെ ആഭ്യന്തര വിപണിയിൽ സ്വദേശി ആയുർവേദ ഉൽപ്പന്നമെന്ന പ്രഖ്യാപനത്തോടെ കടന്നുവന്നതാണ് പതഞ്ജലി.

അടുത്തകാലത്തായി പതഞ്ജലിക്ക് തങ്ങളുടെ വിപണിയിലെ സ്വാധീനത്തില്‍ ഇടിവുണ്ടായി. ഈ സമയം ആഡംബര ഉൽപ്പന്ന രംഗത്തെ ഫ്രഞ്ച് ഭീമൻ എൽഎംവിഎച്ച് പതഞ്ജലിയിൽ ഓഹരികൾ വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

പതഞ്‌ജലി ഉത്പന്നങ്ങളായ ഡിറ്റർജന്റ്, കേശ സംരക്ഷണം, സോപ്പ്, നൂഡിൽസ് എന്നിവയിലെല്ലാം 2018 ജൂലൈ മുതൽ 2019 ജൂലൈ വരെ കമ്പനിയുടെ സ്വാധീനം താഴേക്ക് പോയി. ഈ വര്‍ഷം സെപ്തംബർ മാസത്തെ വിറ്റുവരവ് 1,769 കോടിയാണ്. കഴിഞ്ഞ രണ്ട് വർഷമായി കമ്പനിയുടെ വിറ്റുവരവ് താഴേക്കാണ്.