അയോധ്യാ വിധിയെ സ്വാഗതം ചെയ്യുന്നു; രാജ്യത്തിനെ ഇനി ജീവിക്കാന്‍ സാധിക്കുന്ന സ്ഥലമാക്കിമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താം: നടി തപ്‌സി പന്നു

single-img
9 November 2019

അയോധ്യ തർക്കഭൂമിക്കേസിലെ സുപ്രീം കോടതി വിധിയോടുള്ള പ്രതികരണവുമായി ബോളിവുഡ് നടി തപ്‌സി പന്നു. ‘അയോധ്യ കേസിലെ വിധിയില്‍ സുപ്രീം കോടതിയെ അഭിനന്ദിക്കുന്നു. ഇനി നമുക്ക് രാജ്യത്തെ ജീവിക്കാന്‍ സാധിക്കുന്ന സ്ഥലമാക്കിമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താം’ എന്നായിരുന്നു തപ്‌സിയുടെ ട്വീറ്റ്. രാജ്യം അഭിമുഖീകരിക്കുന്ന മലിനീകരണ പ്രശ്‌നവും സാമ്പത്തിക പ്രശ്‌നങ്ങളും മറ്റുമാണ് നടി പരോക്ഷമായി സൂചിപ്പിച്ചതെന്നാണ് സോഷ്യല്‍ മീഡിയയിൽ പലരും പറയുന്നത്.

അതേസമയം തപ്‌സിയുടെ ട്വീറ്റിനെ അനു കൂലിച്ചും പ്രതികൂലിച്ചും ധാരാളം കമന്റുകളാണ് വരുന്നത്. തപ്‌സി പറയുന്നതിനോട് യോജിക്കുന്നുണ്ടെന്നും രാഷ്ട്രീയ – സമുദായിക പ്രശ്‌നങ്ങള്‍ക്കപ്പുറം രാജ്യത്തെ ബാധിക്കുന്ന മറ്റു പ്രശ്‌നങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്നും ഒരു വിഭാഗം പറയുമ്പോള്‍ ‘എന്റെ രാജ്യം ഇപ്പോള്‍ തന്നെ വാസ യോഗ്യമാണെന്നും അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തരു’തെന്നുമാണ് മറ്റൊരു വിഭാഗം പറയുന്നത്. എന്നാൽ ഇവിടെ പറ്റുന്നില്ലെങ്കില്‍ രാജ്യം വിടാനാണ് ഒരാള്‍ കമന്റു ചെയ്തിട്ടുള്ളത്.