ഒഴിയാനുള്ള സമയ പരിധി അവസാനിച്ചു; ചുരം റോഡിൽ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാൻ നടപടികള്‍ തുടങ്ങി

single-img
7 November 2019

കോഴിക്കോട് വയനാട് പാതയിലെ താമരശേരി ചുരം റോഡിൽ നിന്നും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടികള്‍ തുടങ്ങി. കോഴിക്കോട് ജില്ലയിലെ അടിവാരം മുതല്‍ ലക്കിടിവരെ ദേശീയ പാത കയ്യേറിയുള്ള നിര്‍മാണങ്ങളും കച്ചവടങ്ങളുമാണ് ഒഴിപ്പിക്കുന്നത്. ചുരത്തിലുള്ള ഒൻപത് ഹെയർ പിൻ വളവുകളിലും പലയിടങ്ങളായി കയ്യേറ്റങ്ങൾ കണ്ടെത്തിയിരുന്നു. ധാരാളം തവണ ആവശ്യപ്പെട്ടിട്ടും ഒഴിയാത്തവർക്കാണ് നോട്ടീസ് നൽകി ഒഴിപ്പിക്കുന്നത്.

താമരശേരി എല്‍ആര്‍ തഹസില്‍ദാര്‍ ലാല്‍ ചിന്ദിന്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടപടികൾ നടക്കുന്നത്. കയ്യേറ്റം ഒഴിയാനായി നേരത്തെ നൽകിയ നോട്ടീസിന്റെ സമയ പരിധി തിങ്കളാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് ഒഴിപ്പിക്കല്‍ നടപടികൾ തുടങ്ങിയത്. ഒഴിപ്പിക്കൽ തുടങ്ങിയതോടെ ദേശീയ പാതയിലേക്ക് ചേര്‍ത്ത് കെട്ടിനിര്‍മിച്ച ഷെഡ്ഡുകള്‍ ഉള്‍പ്പെടെ വ്യാപാരികള്‍ പൊളിച്ചുമാറ്റി. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന നടത്തി കയ്യേറ്റം പൂര്‍ണ്ണമായും ഒഴിപ്പിക്കുമെന്ന് അധിക്യതർ അറിയിച്ചു.