ഒടുക്കത്തെ പെന്‍ഷന്‍ അല്ലേ ഇവര്‍ക്ക്.. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍, ശമ്പള വര്‍ദ്ധനവ് നീക്കത്തിനെതിരെ പിസി ജോര്‍ജ്

single-img
7 November 2019

കേരളാ സർക്കാർ നടത്തുന്ന ശമ്പള പരിഷ്‌കരണ നീക്കത്തിനെതിരെ പിസി ജോര്‍ജ് എംഎല്‍എ. സര്‍ക്കാര്‍ ഉദ്യോഗസ്ഥർ കൂടി വേദിയിൽ ഉള്ളപ്പോൾ ആയിരുന്നു പിസി ജോര്‍ജിന്റെ വിമര്‍ശനം. കേരളത്തിന്റെ വരുമാനത്തിൽ 83 ശതമാനവും പുട്ടടിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരാണെന്നും ഇത്തരത്തിൽ സര്‍ക്കാരിന്റെ പണം വെറുതെ കളയുമ്പോഴാണ് വീണ്ടും ശമ്പള പരിഷ്‌കരണം കൊണ്ടുവരുന്നതെന്നും അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇത്രയൊക്കെ ചെയ്തത് ഒന്നും പോരാഞ്ഞിട്ട് ഇപ്പോള്‍ ശമ്പള പരിഷ്‌കരണം എന്നു പറഞ്ഞ് വന്നിരിക്കുവാ. ഒരു പൈസയും കൂട്ടാന്‍ സമ്മതിക്കരുത്. വലിയ പ്രതിഷേധം ഇതിനെതിരെ ഉണ്ടാവും. ഇവിടിരിക്കുന്ന ജീവനക്കാരോടാണ് എനിക്ക് ചോദിക്കാനുള്ളത്. എന്തിനാ ഇങ്ങനെ ശമ്പളം വാങ്ങി കൂട്ടുന്നത്. മനുഷ്യരല്ലേ… പത്തേക്കർ ഉള്ള കര്‍ഷകന് ഇവിടെ കഞ്ഞി കുടിക്കാന്‍ വകയില്ല.’ പിസി ജോര്‍ജ് പറഞ്ഞു.

അതേപോലെ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നൽകുന്ന പെന്‍ഷന്‍ കൂടുതലാണെന്നും തുക വെട്ടിക്കുറക്കണമെന്നും അതിനുവേണ്ടി പ്രതിഷേധത്തിന് തയ്യാറാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒടുക്കത്തെ പെന്‍ഷന്‍ അല്ലേ ഇവര്‍ക്ക് എന്നായിരുന്നു എംഎൽഎയുടെ പരാമർശം.

‘ഇവർക്ക് 25,000 രൂപയില്‍ കൂടുതല്‍ എന്തിനാ പെന്‍ഷന്‍ കൊടുക്കുന്നേ. ഒരുമാസം ഏത് ഉദ്യോഗസ്ഥനാണെങ്കിലും 25,000 രൂപയില്‍ കൂടുതല്‍ പെന്‍ഷന്‍ കൊടുക്കരുത്. ബാക്കിയുള്ള തുക വെട്ടിക്കുറയ്ക്കണം. അതിനായി വലിയ പ്രതിഷേധത്തിന് ഞാന്‍ തുടക്കമിടാന്‍ പോകുകയാണ്.’ പി.സി ജോര്‍ജ് പറഞ്ഞു.

അതേസമയം സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌കരിക്കുന്നതിനായി റിട്ട. ഐ എഎസ് ഉദ്യോഗസ്ഥന്‍ കെ മോഹന്‍ദാസ് ചെയര്‍മാനായി പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കാൻ ഒരുങ്ങുകയാണ്.