കോടികളുടെ തട്ടിപ്പ്, ശുപാര്‍ശകള്‍; ഐപിഎസ് വ്യാജന്‍ ഒടുവില്‍ പൊലീസിന്റെ പിടിയില്‍

single-img
7 November 2019

തൃശൂര്‍: വ്യാജഐപിഎസുകാരന്‍ ചമഞ്ഞ് കോടികള്‍ തട്ടിയ വിപിന്‍ കാര്‍ത്തിക് പിടിയിലായി. വ്യാജരേഖ കേസില്‍ ഒളിവിലായിരുന്ന ഇയാളെ ചിറ്റൂരില്‍ നിന്നാണ് പിടികൂടിയത്. കേസില്‍ ഇയാളുടെ അമ്മ ശ്യാമളയെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു. അമ്മയും മകനും ചേര്‍ന്ന് നിരവധി തട്ടിപ്പുകള്‍ നടത്തിയിരുന്നു.

ഐപിഎസ് ഓഫീസറായി യൂണിഫോമിട്ട് കാറിലും ബുള്ളറ്റിലുമെല്ലാം സഞ്ചരിച്ചാണ് വിപിന്‍ തട്ടിപ്പ് നടത്തിയത്.
ജമ്മുകശ്മീര്‍ കേഡറിലെ പൊലീസുകാരനാണെന്നു ബോധ്യപ്പെടുത്താന്‍ വിപിന്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചു.അമ്മയും മകനും ചേര്‍ന്ന് ബാങ്കുകളെ പറ്റിച്ച് വാങ്ങിയത് 28 കാറുകളാണ്. വ്യാജമായി നിര്‍മ്മിച്ച ശമ്പള സര്‍ട്ടിഫിക്കറ്റും, അക്കൗണ്ടിലെ ലക്ഷക്കണക്കിന് രൂപയുടെ ബാലന്‍സ്ഷീറ്റും കാണിച്ചാണ് വായ്പകള്‍ സംഘടിപ്പിച്ചിരുന്നത്. അതിനൊപ്പം യൂണിഫോമിലുള്ള ഫോട്ടോയും നല്‍കും.

ഇതിനിടെ ഇയാള്‍ ശുപാര്‍ശകള്‍ക്കായി പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കാന്‍ തുടങ്ങി. ഇതോടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിപിന്‍ വ്യാജനാണെന്ന് തെളിഞ്ഞത്.