പന്ത്രണ്ട് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തി; കൊച്ചിയിൽ ദമ്പതികൾ അറസ്റ്റിൽ

single-img
6 November 2019

പന്ത്രണ്ട് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സ്വദേശികളായ വർഷ (19) ബിബിൻ (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നവരായിരുന്നു ഇരയായ കുട്ടിയുടെ കുടുംബം.

വർഷ, ബിബിൻ ദമ്പതികളുടെ കടയിലെ ജോലിക്കാരനായ ലിതിനെ കൊണ്ട് കുട്ടിയെ പീഡിപ്പിക്കുകയും ദമ്പതികള്‍ ചേര്‍ന്ന് ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. സംഭവത്തിൽ ലിതിൻ ഇപ്പോൾ ഒളിവിലാണ്. വീടിന് താഴത്തെ നിലയില്‍ വെച്ചാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

ആദ്യം പീഡിപ്പിച്ചപ്പോൾ പകർത്തിയ ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് ഭീഷണിപ്പെടുത്തി കുട്ടിയെ പിന്നീടും പീഡനത്തിന് ഇരയാക്കുകയായിരുന്നു. ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളിലാണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്നാണ് വിവരം. പോലീസ് അറസ്റ്റ് ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

പീഡന ദ്യശ്യങ്ങള്‍ ചിത്രീകരിച്ചെന്നു കരുതുന്ന ഫോണ്‍ പ്രതികളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പക്ഷെ ദ്യശ്യങ്ങള്‍ ഇവര്‍ മായ്ച്ച് കളഞ്ഞതായാണ് വിവരം. ഇവ വീണ്ടെടുക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു.