പ്രിയങ്കാ ഗാന്ധിയെ തട്ടിപ്പുകാരന്റെ ഭാര്യ എന്ന് പരിഹസിച്ച് യുപി മന്ത്രി; പ്രതിഷേധവുമായി പ്രതിപക്ഷം

single-img
5 November 2019

പ്രിയങ്കാ ഗാന്ധിയെ തട്ടിപ്പുകാരന്റെ ഭാര്യ എന്ന് പരിഹസിച്ച് യുപി ഗ്രാമീണ വികസന മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. മന്ത്രി നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം രം​ഗത്തെത്തി. മന്ത്രിയുടെ പ്രസ്താവന പ്രിയങ്കയെ വ്യക്തിപരമായി അപമാനിക്കുന്നതാണ് എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. യുപിയിലെ ബാലിയയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.

“പ്രിയങ്ക ഗാന്ധി ഒരു തട്ടിപ്പുകാരന്റെ ഭാര്യയാണ്. അതിനാല്‍ അവരുടെ മനസ്സില്‍ നിന്ന് വരുന്നത് തട്ടിപ്പും വഞ്ചനയും നിറഞ്ഞ വാക്കുകളാണ്”- മന്ത്രി പറഞ്ഞു. ഞങ്ങളാരും പ്രിയങ്കയെ ഗൗരവമായി എടുത്തിട്ടില്ല.

രാജ്യത്തെ പാവപ്പെട്ട കർഷകരുടെ ഭൂമി തട്ടിയെടുത്തയാളാണ് അവരുടെ ഭർത്താവ്. അതിനാല്‍ തന്നെ ധാർമികമായി അത്തരം കാര്യങ്ങൾ സംസാരിക്കാൻ പ്രിയങ്കയ്ക്ക് യാതൊരു അവകാശവുമില്ലെന്നും ആനന്ദ് സ്വരൂപ് ശുക്ല പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ പാകിസ്ഥാൻ അനുകൂല നിലപാടെടുക്കുന്ന പാര്‍ട്ടിയാണ്. അവര്‍ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുന്നതിനെ എതിര്‍ത്തവരാണ്. പാകിസ്താന്‍കാര്‍ കോണ്‍ഗ്രസ് നേതാക്കളുടെ പോസ്റ്ററുകളാണ് സ്വന്തം നാട്ടില്‍ പതിച്ചതെന്നും ആനന്ദ് സ്വരൂപ് ശുക്ല പറഞ്ഞു.