യുവാക്കള്‍ക്കെതിരായ യുഎപിഎ നിലനിൽക്കില്ല; നിലനിൽക്കാൻ അനുവദിക്കില്ല; താഹയുടെ വീട് സന്ദര്‍ശിച്ച് പന്ന്യൻ രവീന്ദ്രന്‍

single-img
4 November 2019

കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിൽ നിന്ന് പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹയുടെ വീട്ടിൽ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രണ് സന്ദർശനം നടത്തി. താഹയെയും അലനെയുംപോലീസ് മനപൂർവ്വം മാവോയിസ്റ്റുകളായി ചിത്രീകരിക്കുന്നു എന്ന് സന്ദർശന ശേഷം പന്ന്യൻ രവീന്ദ്രൻ പ്രതികരിച്ചു.ഇരുവർക്കുമെതിരെ യുഎ പി എ പ്രയോഗിച്ചതിൽ പോലീസ് സമാധാനം പറയണമെന്നും പന്ന്യൻ ആവശ്യപ്പെട്ടു.

താഹയ്ക്കും അലനുമെതിരെ പോലീസ് ചുമത്തിയ യുഎപിഎ നിലനിൽക്കില്ലെന്നും നിലനിൽക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളാ പോലീസിൽ പഴയ കാല പോലീസിന്റെ ശാപം ഇതു വരെ മാറിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ പിടിയിലായവർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളാണ് ഇന്ന് പോലീസ് പുറത്തുവിട്ടത്. ഇരുവരും സിപിഐ മാവോയിസ്റ്റ് പ്രവർത്തകരെന്ന്പറഞ്ഞ പോലീസ്, ഇവര്‍ മാവോയിസ്റ്റ് പ്രതിഷേധ യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും ഇത് വ്യക്തമാക്കുന്ന മിനുട്‌സുകൾ ലഭിച്ചെന്നും അവകാശപ്പെട്ടു. മാത്രമല്ല, പ്രതികൾ ആശയവിനിമയത്തിന് കോഡ് ഭാഷ ഉപയോഗിക്കുന്നു എന്നും പോലീസ് പറഞ്ഞു.