മൂന്നാം കിട നടനോടൊപ്പം വേദി പങ്കിടാനാകില്ലെന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍; സ്‌റ്റേജില്‍ കുത്തിയിരുന്ന് ബിനീഷ് ബാസ്റ്റിന്റെ പ്രതിഷേധം

single-img
1 November 2019

പാലക്കാട്: കോളേജ് പരിപാടിക്ക് മുഖ്യാതിഥിയായെത്തിയ നടന്‍ ബിനിഷ് ബാസ്റ്റിനെ അപമാനിച്ച് സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍കോളേജിലെ കോളേജ് ഡേ പരിപാടിക്കാണ് അപമാനകരമായ സംഭവം നടന്നത്. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ചു നടന്ന മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്നായിരുന്നു സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്റെ വാക്കുകള്‍. ബിനീഷ് വേദിയിലെത്തിയാല്‍ ഇറങ്ങിപ്പോകുമെന്നും അനില്‍ പറഞ്ഞു.

തുടര്‍ന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ ഇക്കാര്യം ബിനീഷ് ബാസ്റ്റിനെ അറിയിച്ചു. പരിപാടി ഉദ്ഘാടനം കഴിഞ്ഞ് വേദിയിലെത്തിയാല്‍ മതിയെന്ന് അവര്‍ ബിനീഷിനോട് ആവശ്യപ്പെട്ടു. അപമാനിതനായ ബിനീഷ് പ്രതികരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വേദിയിലേക്ക് നടന്ന ബിനീഷിനെ കോളേജ് അധികൃതര്‍ വിലക്കി. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞു. എന്നാല്‍ ഇതു വകവയ്ക്കാതെ ബിനീഷ് വേദിയിലെത്തി.

സ്റ്റേജില്‍ കയറിയ ബിനീഷ് വിദ്യാര്‍ഥികളോട് കാര്യം പറഞ്ഞു. ജീവിതത്തില്‍ ഏറ്റവും അപമാനിക്കപ്പെട്ട നിമിഷമാണ് ഇതെന്ന് ബിനീഷ് പറഞ്ഞു. സ്റ്റേജില്‍ നിലത്ത് കുത്തിയിരുന്ന് ബനീഷ് പ്രതിഷേധം അറിയിച്ചു. ഞാന്‍ മേനോനല്ല സാധാരണ ടൈല്‍സ് പണിക്കാരനാണ് നാഷണല്‍ അവാര്‍ഡ് വാങ്ങിച്ച ആളുമല്ല ബിനീഷ് പറഞ്ഞു. തനിക്ക് വിദ്യാഭ്യാസമില്ല, അതുകൊണ്ട് താന്‍ എഴുതിക്കൊണ്ടു വന്നതാണെന്നും പറഞ്ഞ് കയ്യിലിരുന്ന കുറിപ്പ് വിദ്യാര്‍ഥികളെ വായിച്ചു കേള്‍പ്പിച്ചു. അതിനു ശേഷം യാത്ര പറഞ്ഞ് ഇറങ്ങിപ്പോയി

നിറഞ്ഞ കയ്യടിയാണ് ബിനീഷിന് സദസില്‍ നിന്ന് ലഭിച്ചത്. ബിനീഷിനെ അപമാനിച്ച സംഭവത്തില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

സുഹൃത്തുക്കളെ എന്റെ ചങ്ങാതി ബിനീഷ് ബാസ്റ്റിന് ഇന്ന് നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ് ഞാൻ ഇവിടെ പങ്ക്…

Posted by Sahin Antony on Thursday, October 31, 2019