ശക്തിപ്രാപിച്ച് ‘മഹാ’ ചുഴലിക്കാറ്റ് തീരത്തേക്ക്;കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴ

single-img
31 October 2019
Maha Likely to Become ‘Severe’ Cyclone Today

കൊച്ചി: അറബിക്കടലില്‍ മഹാ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. അതിതീവ്ര ന്യൂനമര്‍ദം ‘മഹാ’ ചുഴലിക്കാറ്റായി മാറിയതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി. അതേസമയം കടൽ പ്രക്ഷുബ്ദമായിരിക്കെ കടല്‍ തീരത്ത് പോകുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പുണ്ട്.

എറണാകുളത്ത് എടവനക്കാട് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കൊച്ചി, പറവൂര്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് എന്നീ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എം.ജി സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ലക്ഷദ്വീപില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളം മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്. ചില സമയങ്ങളില്‍ ശക്തമായ കാറ്റും ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.