വാളയാർ അന്വേഷണത്തിൽ അട്ടിമറിയില്ലെന്ന് മുഖ്യമന്ത്രി: സർക്കാർ അപ്പീൽ നൽകും

single-img
28 October 2019

വാളയാര്‍ പീഡനക്കേസ് അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ സർക്കാർ അപ്പീൽ പോകുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

വാളയാര്‍ കേസിൽ സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പട്ടികവിഭാഗത്തിലുളള കുട്ടികളായതിനാല്‍ അതനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്തുവെന്നും ഫൊറന്‍സിക് സംഘം ശാസ്ത്രീയതെളിവുകൾ ശേഖരിച്ചുവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.  അപ്പീൽ അടക്കം കേസിന്‍റെ തുടര്‍ നടപടികൾക്ക് പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വാളയാര്‍ കേസിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് ഗരുതര വീഴ്ച വന്ന സാഹചര്യത്തിൽ കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സംഭവം നിര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ച പിണറായി വിജയൻ സിബിഐ വേണോ അതോ പുനരന്വേഷണം വേണോ എന്ന്  പരിശോധിക്കാമെന്ന് വ്യക്തമാക്കി.

വാളയാറിൽ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തെത്തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ സഹായകമായ രീതിയിൽ കേസിന്‍റെ അന്വേഷണം അട്ടിമറിക്കാൻ പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായ ബോധപൂർവമായ ശ്രമങ്ങളും അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചയും മൂലം തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നായിരുന്നു നിയമസഭയിൽ പ്രതിപക്ഷ ആരോപണം.