മഹാരാഷ്ട്രയില്‍ കോടികളുടെ നിക്ഷേപത്തട്ടിപ്പ്; തൃശൂര്‍ സ്വദേശികള്‍ക്കായി പൊലീസിന്റെ തെരച്ചില്‍

single-img
28 October 2019

മുംബൈ: മഹാരാഷ്ട്രയില്‍ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തി മലയാളി വ്യവസായികള്‍. ഗുഡിവിന്‍ എന്നപേരിലുള്ള ജൂവലറി ശ്യംഗല നടത്തുന്ന തൃശൂര്‍ സ്വദേശികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടരുന്നു. ഇവര്‍ക്ക് കേരളത്തിലും ശാഖകളുണ്ട്. ഡോംബിവലി പൊലീസാണ് കേസന്വേഷിക്കുന്നത്.സനില്‍ കുമാര്‍, സുധീര്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ്‌ അന്വേഷണം നടക്കുന്നത്.


സ്വര്‍ണക്കടകളുടെ മറവില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് മാസ ചിട്ടിയായും സ്ഥിരം നിക്ഷേപമായും പണം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്നാണ് ഗുഡ്‌വിന്‍ ഗ്രൂപ്പിനെതിരായ പരാതി. ഇതുവരെ ഇരുന്നൂറിലധികം പേരാണ് ഡോംബിവലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇവിടുത്തെ രണ്ട് കടകള്‍ പൊലീസ് സീല്‍ ചെയ്തു.മലയാളികളും ഇതരസംസ്ഥാനക്കാരുമായ ആയിരക്കണക്കിനാളുകള്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തല്‍ .ഒരു ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപ വരെ നിക്ഷേപിച്ച ആയിരക്കണക്കിനാളുകളാണ് മഹാരാഷ്ട്രയില്‍ മാത്രമുള്ളത്.

ജ്വല്ലറിക്ക് ശാഖകളുള്ള മറ്റിടങ്ങളിലും സമാന പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും മലയാളികള്‍ ആണ്. പണം കിട്ടാതായതോടെ നിക്ഷേപകര്‍ പ്രശ്‌നമുണ്ടാക്കിത്തുടങ്ങിയപ്പോള്‍ ഒരാഴ്ചമുന്‍പ് എല്ലാ കടകളും പൂട്ടി ഉടമകളായ സനില്‍ കുമാറും സുധീര്‍ കുമാറും മുങ്ങുകയായിരുവന്നു. സംസ്ഥാനത്തിനു പുറത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.