ആറു വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം: ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

single-img
27 October 2019

ആറു വയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. പായിപ്രയിൽ ഇതര സംസ്ഥാന തൊഴിലാളി ക്യാംപിൽ താമസിക്കുന്ന തൊഴിലാളിയുടെ മകളെയാണ് ഒഡീഷ സ്വദേശികളായ മനോജ് ഉത്തം മാലിക് (23), പബിത്ര പ്രധാൻ (32) എന്നിവർ ചേർന്ന് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.

കുട്ടി പഠിക്കുന്ന അങ്കണവാടിയിലെ ജീവനക്കാർ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നു മൂവാറ്റുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് അശ്ലീല ചിത്രങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും ഉണ്ട്. അങ്കണവാടിയിൽ പോകാത്ത ദിവസങ്ങളിലാണ് കുട്ടിയെ ഇവർ ഉപദ്രവിച്ചത്. മൊബൈൽ കളിക്കാൻ കൊടുത്ത് കുട്ടിയെ  ആകർഷിക്കുകയായിരുന്നു.

ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം കൈമാറിയതിനെത്തുടർന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആദ്യം പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. സംശയം തോന്നിയ നൂറിലേറെ ഇതര സംസ്ഥാന തൊഴിലാളികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി തിരിച്ചറിയൽ പരേഡ് നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി  പ്രതികളെ റിമാൻഡ് ചെയ്തു.