തീരദേശ നിയമങ്ങള്‍ ലംഘിച്ചു; എംജി ശ്രീകുമാറിന്റെ കെട്ടിടത്തിനെതിരെ കോടതി

single-img
24 October 2019

ഗായകന്‍ എംജി ശ്രീകുമാര്‍ തീരദേശ നിയമങ്ങള്‍ ലംഘിച്ച് കെട്ടിടം നിര്‍മ്മിച്ചുവെന്ന് കേസ് വിജിലന്‍സ് അട്ടിമറിക്കുകയാണോയെന്ന് വിജിലന്‍സ് കോടതി. അന്വേഷണത്തില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.ഈ സാഹചര്യ ത്തിലും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യേണ്ടെന്നും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഓംബുഡ്സ്മാന്‍ അന്വേഷിച്ചാല്‍ മതിയെന്നുമുള്ള അഡീഷണല്‍ വിജിലന്‍സ് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാടാണ് കോടതിയെ പ്രകോപിപ്പിച്ചത്.

സമാനമായ കുറ്റകൃത്യങ്ങളുടെ പേരില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും സുപ്രീം കോടതി വളരെ ഗൗരവമായി ഇതിനെ കാണുകയും ചെയ്യുമ്‌ബോള്‍, ഈ കേസിലെന്താണ് മറിച്ചൊരു നിലപാടെന്ന് കോടതി ചോദിച്ചു. കേസെടുത്ത് അന്വേഷിക്കണമെന്ന് രണ്ടുവട്ടം വിജിലന്‍സ് ആവശ്യപ്പെട്ടിട്ടും വിജിലന്‍സ് ഡയറക്ടറും അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനും ഇത് അംഗീകരിച്ചില്ല. വിജിലന്‍സ് അന്വേഷിക്കേണ്ടതില്ലെന്ന എ.ഡി.പി.യുടെ നിയമോപദേശവും വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ജഡ്ജി ഡോ. ബി. കലാം പാഷ വിജിലന്‍സിനെതിരേ രൂക്ഷ വിമര്‍ശമുന്നയിച്ചത്.

നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ശുപാര്‍ശയോടെ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ടയച്ചു.കെട്ടിടം പൊളിക്കാന്‍ എം.ജി. ശ്രീകുമാറിന് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയെങ്കിലും അത് തദ്ദേശ സ്വയംഭരണ ട്രിബ്യൂണല്‍ സ്റ്റേ ചെയ്തിരിക്കുകയാണെന്നും അവസാന തീരുമാനം വരുംവരെ കേസെടുക്കേണ്ടെന്നും ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഹര്‍ജിക്കാരന് ആക്ഷേപം ഫയല്‍ ചെയ്യാന്‍ നവംബര്‍ 20 വരെ കോടതി സമയം അനുവദിച്ചു.