ടിക് ടോക് ഹിറ്റായില്ല: ഹരിയാനയില്‍ ബിജെപിയുടെ ടിക് ടോക് താരം സൊനാലി ഫൊഗാട്ട് പരാജയപ്പെട്ടത് 30000 വോട്ടിന്‌

single-img
24 October 2019

ബിജെപിയ്ക്കായി ഹരിയാനയിലെ അദംപൂരില്‍ നിന്നും മത്സരിച്ച ടിക്ടോക് താരം സൊനാലി ഫൊഗാട്ട് പരാജയപ്പെട്ടു. ഇവർക്കെതിരെ മത്സരിച്ച കോണ്‍ഗ്രസിന്റെ നേതാവ് കുല്‍ദീപ് ബിഷ്‌ണോയി 30,000 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സോഷ്യൽ മീഡിയയിൽ ടിക് ടോക് വീഡിയോകള്‍ ചെയ്ത് പ്രസിദ്ധികേട്ട താരം തന്റെ വിജയം ഉറപ്പാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

“തെരഞ്ഞെടുപ്പിൽ എല്ലായിടത്തും ബി.ജെ.പി വിജയിക്കുമെന്നാണ് പറയുന്നത്. അതിനാൽ അദംപൂരും അതിന്റെ ഒരു ഭാഗം തന്നെയായിരിക്കും. ഇവിടെയും ബിജെപി തന്നെ ജയിക്കും”- വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുമ്പ് സോനാലി പറയുകയുണ്ടായി. വിജയിച്ച കുല്‍ദീപ് ബിഷണോയി 64,000 വോട്ടുകളാണ് നേടിയതെങ്കില്‍ കേവലം 34,000 വോട്ടുകളാണ് സൊനാലി നേടിയത്.

ബിജെപി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേത്തിയല്‍ സ്മൃതി ഇറാനിയിലൂടെ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ച പോലെയാവും ആദംപുരില്‍ ബിഷ്‌ണോയിയുടെ സ്ഥിതിയെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഫോഗട്ടിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍. മണ്ഡലത്തിലെ സ്‌കൂളുകളുടെയും ആശുപത്രികളുടെയും ആവശ്യകത ചൂണ്ടിക്കാണിച്ചാണ്അവർ സജീവമായത്.

എന്നാൽ ടിക് ടോകിലെ പ്രസിദ്ധി ആരും തന്നെ ഗൗനിക്കില്ല. അവരവർ ചെയ്യുന്ന പണിയുടെ പ്രസിദ്ധിയാണ് നോക്കുക. മുൻപ് ഈ മണ്ഡലത്തിൽ ഒറ്റ സ്‌കൂള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോഴിവിടെ ധാരാളം ആശുപത്രികളും സ്‌കൂളുകളുമുണ്ട്. അതെല്ലാം കാണണമെങ്കില്‍ കണ്ണുതുറന്നു നോക്കണം എന്നായിരുന്നു ബിഷ്‌ണോയിയുടെ മറുപടി.