താലികെട്ടിന് ശേഷം വിവാഹപന്തലില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോട്ടം: പൊലീസില്‍ പരാതി നല്‍കി വരന്‍, വധുവിനെയും കാമുകനെയും കോടതി റിമാന്റ് ചെയ്തു

single-img
24 October 2019

കോഴിക്കോട്: വിവാഹം കഴിഞ്ഞയുടന്‍ ഓഡിറ്റോറിയത്തില്‍ നിന്ന് ഒളിച്ചോടിയ വധുവിനെയും കാമുകനെയും സുഹൃത്തുക്കളെയും കോടതി റിമാന്റ് ചെയ്തു. വിശ്വാസവഞ്ചന, ഗൂഢാലോചന, ചതി എന്നീ വകുപ്പുകള്‍ ചുമത്തി കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ നടപടി. വധു, കാമുകന്‍, കാമുകന്റെ ജ്യേഷ്ഠന്‍, ജ്യേഷ്ഠന്റെ ഭാര്യ, കാര്‍ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ നവവരന്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

കോഴിക്കോട് നഗരത്തിലെ ഓഡിറ്റോറിയത്തില്‍ വെച്ച് ഞായറാഴ്ചയായിരുന്നു വിവാഹം നടന്നത്. താലികെട്ടുകഴിഞ്ഞ് സദ്യയും കഴിച്ച് വസ്ത്രം മാറാന്‍ പോയ വധു അതുവഴി കാമുകനൊപ്പം പോകുകയായിരുന്നു.

വിവാഹനിശ്ചയ സമയത്തു നല്‍കിയ രണ്ടുപവന്റെ വളയും ഞായറാഴ്ച കെട്ടിയ മൂന്നരപ്പവന്റെ താലിമാലയും അടക്കം എടുത്തായിരുന്നു ഒളിച്ചോട്ടം. ഓഡിറ്റോറിയത്തിലെ സി സി ടി വി ക്യാമറ പരിശോധിച്ചപ്പോഴാണ് വധു കാറില്‍ കയറുന്നതു കണ്ടെത്തിയത്. തുടര്‍ന്ന് തങ്ങളെ കബളിപ്പിച്ചെന്ന് കാട്ടി വരന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.