വെടിയുണ്ടകളെ പോലും പേടിക്കാത്ത ബെൽജിയം നായ ഇടിവെട്ടിയപ്പോൾ ഭയന്ന് കൂടു പൊളിച്ച് രക്ഷപെട്ടു

single-img
23 October 2019

ഉടമസ്ഥനല്ലാതെ മറ്റാരെയും അനുസരിക്കില്ലാത്തതും പ്രൊട്ടക്ഷൻ ട്രെയിനിംഗിൽ ഉൾപ്പെടെ പരിശീലനം നേടിയതുമായ ബെൽജിയം നായ ഇടിവെട്ടിയപ്പോൾ ഭയന്ന് കൂടു പൊളിച്ച് രക്ഷപെട്ടു. തൃശൂർ ജില്ലയിലെ ഒല്ലൂർ അവിണിശേരി സതീഷ് കുമാറിന്റെ ഒന്നര ലക്ഷം രൂപ വിലയുള്ള റോക്കി എന്ന നായയാണ് കൂടിന്റെ മേൽക്കൂരയിലെ ടിൻ ഷീറ്റ് കടിച്ചുകീറിയ ശേഷം പുറത്തു ചാടിയത്. ഈ നായ മനുഷ്യനേക്കാൾ ഉയരമുള്ള (എട്ടടിയോളം) ഗേറ്റിനു മുകളിലൂടെ പുറത്തുകടന്നിട്ട് ഒരാഴ്ചയായെങ്കിലും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.

ശക്തമായ ഇടിയും മിന്നലുമുണ്ടായ 15ആം തിയതി രാത്രി 2 മണിയോടെയായിരുന്നു സംഭവം. മിന്നൽ ശബ്ദംകേട്ടാൽ നായ മുൻപും പരിഭ്രമിക്കാറുണ്ടായിരുന്നെന്നു സതീഷ് പറയുന്നു. ഉപദ്രവം സാധ്യത ഉള്ളതും അക്രമവാസനയേറിയ ഇനമായതിനാൽ ഉയരമുള്ള കൂട്ടിലാണ് നായയെ പാർപ്പിച്ചിരുന്നത്.

ഒന്നര വർഷങ്ങൾക്ക് മുൻപ് ഹൈദരാബാദിൽ നിന്നാണു സതീഷ് നായ്ക്കുട്ടിയെ വാങ്ങിയത്. നായയ്ക്ക് അച്ചടക്കം, സുരക്ഷയൊരുക്കൽ എന്നിവയ്ക്കു വിദഗ്ധ പരിശീലനം നൽകിയിരുന്നു. ഒറ്റ കാഴ്ചയിൽ നാടൻ നായയെ പോലെ തോന്നിക്കുമെങ്കിലും കഴുത്തിലെ ബെൽറ്റ് പോലും സ്വയം കടിച്ചുമുറിക്കും. മാത്രമല്ല, ആരെങ്കിലും കല്ലെറിയാനോ ഉപദ്രവിക്കാനോ നോക്കിയാൽ കടിച്ചുകീറും.

പുറത്തിറങ്ങിയ നായ ആരെയെങ്കിലും ഉപദ്രവിക്കുമെന്ന ഭയത്താൽ സതീഷ് നാടുമുഴുവൻ തിരഞ്ഞെങ്കിലും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. അഫ്‌ഗാനിസ്ഥാനിൽ അൽഖ്വയ്ദ നേതാവായിരുന്ന ഒസാമ ബിൻ ലാദനെ വധിക്കാൻ അമേരിക്കൻ കമാൻഡോ സംഘം നടത്തിയ ‘ഓപ്പറേഷൻ നെപ്റ്റ്യൂൺ സ്പിയർ’ എന്ന ദൗത്യത്തിലൂടെ ശ്രദ്ധാകേന്ദ്രമായ നായയിനമാണു ബൽജിയൻ മലിനോയ്സ്.

അമേരിക്കൻ സംഘത്തിൽ കെയ്റോ എന്ന് പേരുള്ള നായയായിരുന്നു ഉണ്ടായിരുന്നത്. ‘വർക്കിങ് ഡോഗ്’ എന്നാണ് ഈയിനം നായ്ക്കളുടെ വിളിപ്പേര്.