ഈനാംപേച്ചിയെ വിദേശത്തേക്ക് കടത്താൻ ശ്രമം; 6 പേർ പിടിയിൽ

single-img
23 October 2019

കോയമ്പത്തൂർ–വാളയാർ മേഖലയിലെ വനാതിർത്തിയിൽ നിന്നും പിടികൂടിയ ഈനാംപേച്ചിയെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 6 പേരെ വനം വകുപ്പും ഫ്ലയിങ് സ്ക്വാഡും ചേർന്നു പിടികൂടി. ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു വാളയാർ വനമേഖലയിൽ‍ നിന്നും സംഘത്തെ പിടികൂടിയത്.

തമിഴ് നാട്ടിലെ വേലൂർ വാണിയംപെട്ടി സ്വദേശികളായ ചിലമ്പരശ് (33), പാണ്ഡ്യൻ (35), വിനോദ് (33), തിരുവണ്ണാമല സ്വദേശി കുശാൽ റാം (30), മൂർ‍ത്തി (31), പൂവരശൻ (28) എന്നിവരാണ് പിടിയിലായത്. വനമേഖലയിൽ നിന്നും ആദിവാസി പിടികൂടിയ ഈനാംപേച്ചിയെ 1.20 ലക്ഷം രൂപ നൽകിയാണ് ഇവർ വാങ്ങിയെന്നും അതിന് ശേഷം 8 ലക്ഷം രൂപ വിലയുറപ്പിച്ച ശേഷം വിദേശത്തെ ഏജന്റ് വഴി കടത്താനായിരുന്നു ശ്രമമെന്നും അധികൃതർ അറിയിച്ചു.

രാജ്യത്തെ വംശനാശം നേരിടുന്ന അത്യപൂർവ ജന്തുവിഭാഗങ്ങളുടെ പട്ടികയിൽപെടുന്ന ഈനാംപേച്ചിയെ സ്പർശിക്കുന്നതു പോലും കുറ്റകൃത്യമാണെന്ന് വനംവകുപ്പ് പറയുന്നു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി. കോടതി നൽകുന്ന നിർദ്ദേശം അനുസരിച്ചായിരിക്കും ഈനാംപേച്ചിയുടെ കാര്യത്തിൽ തീരുമാനം എടുക്കുക.