ചെക്ക് കേസ് പിൻവലിക്കുന്നതിൽ ബാങ്കിന് വീഴ്ച; ദുബായില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളിക്ക് 19 ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

single-img
23 October 2019

ചെക്ക് കേസ് പിൻവലിക്കുന്ന കാര്യത്തിൽ ബാങ്കിന് സംഭവിച്ച വീഴ്ച മൂലം എമിഗ്രേഷനിൽ അറസ്റ്റ് ചെയ്യപ്പെട്ട കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശി വിനോദ് പറയത്തോട്ടത്തിലിന് ഒരു ലക്ഷം ദിർഹം (19 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി വിധി.

വിനോദ് 2008 ൽ ദുബായ് മഷ്റിഖ് ബാങ്കിൽ നിന്ന് 83,000 ദിർഹം വായ്പയും ഇതിന് പുറമെ 5,000 ദിർഹത്തിന്റെ ക്രെഡിറ്റ് കാർഡും എടുത്തിരുന്നു.ബാങ്കിലേക്കുള്ള വായ്പ കൃത്യമായി അടച്ചിരുന്ന വിനോദിനെ ജോലിചെയ്തിരുന്ന കമ്പനി ഒമാനിലേക്കു സ്ഥലംമാറ്റി. ഈ സമയം തിരിച്ചടവ് മുടങ്ങിയതോടെ നായിഫ്, മുറഖബാദ് പോലീസ് സ്റ്റേഷനുകളിൽ ബാങ്ക് കേസ് ഫയൽചെയ്തു.

കേസിന്റെ കാര്യം ബാങ്ക് അറിയിച്ചതിനെ തുടർന്ന് വിനോദ് മുഴുവൻ ബാധ്യതയും അടച്ചു തീർത്തു. അതിനാൽ ബാങ്കിൽ നിന്നു ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടുകയും ചെയ്തു. പക്ഷെ 2016ൽ മറ്റൊരു ജോലി കിട്ടിയതിനെ തുടർന്ന് ദുബായിലേക്കു മടങ്ങിയ വിനോദിനെ വിമാനത്താവളത്തിൽ എമിഗ്രേഷൻ പിടികൂടുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിന് മൂന്ന് ദിവസം പോലീസ് കസ്റ്റഡിയിൽ കഴിയേണ്ടിവന്നു.

പിടിയിലായ സമയം ബാങ്കുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയാണു കേസ് പിൻവലിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് അൽ കബ്ബാൻ അഡ്വക്കേറ്റ്സിലെ സീനിയർ ലീഗൽ കൺസൽറ്റന്റ് ഷംസുദ്ദീൻ കരുനാഗപ്പള്ളി വഴി കേസ് ഫയൽ ചെയ്യുകയായിരുന്നു.