മഞ്ജുവിന്റെ പരാതിയിൽ ശ്രീകുമാർ മേനോനെതിരെ ശക്തമായ തെളിവുകൾ: പ്രമുഖ മാധ്യമപ്രവർത്തകനും കുടുങ്ങിയേക്കും

single-img
22 October 2019

നടി മഞ്ജു വാര്യർ ഡിജിപിയ്ക്ക് നൽകിയ പരാതിയോടൊപ്പം സംവിധായകൻ ശ്രീകുമാർ മേനൊനെതിരെ ശക്തമായ തെളിവുകളും സമർപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.

സംവിധായകൻ ശ്രീകുമാർ മേനോൻ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തന്നോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ പ്രമുഖ മാധ്യമപ്രവർത്തകനോടൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചാണ് മഞ്ജു വാര്യർ പരാതി നൽകിയത്. ‘നാരദാ ന്യൂസ്’ എന്ന ഓൺലൈൻ മാധ്യമത്തിന്റെ ഉടമ മാത്യു സാമുവലിനെതിരെയും മഞ്ജു പരാതി നൽകിയിട്ടുണ്ട്. മാത്യു സാമുവലിന്റെ മാധ്യമം ഉപയോഗിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ പദ്ധതിയിട്ടതായും പരാതിയിൽ പറയുന്നുണ്ട്.

ശ്രീകുമാർ മേനോൻ ഗൂഢാലോചന നടത്തുന്നതിന്റെയും മറ്റും ഓഡിയോ ക്ലിപ്പുകളും വീഡിയോ ക്ലിപ്പുകളും അടങ്ങിയ തെളിവുകൾ സഹിതമാണ് മഞ്ജു വാര്യർ പരാതി നൽകിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ശ്രീകുമാർ മേനോന് നിയമപരമായി പ്രതികൂലമാകുന്നതരത്തിലുള്ള നിരവധി തെളിവുകൾ പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് മഞ്ജു വാര്യർ പരാതി നൽകിയത്. പൊലീസ് ആസ്ഥാനത്തെ പ്രത്യേക സംഘം പരാതി പരിശോധിക്കുമെന്നും തുടർ നടപടി പ്രാഥമിക അന്വേഷണത്തിന് ശേഷം സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.