കാമുകിയെ കാണാന്‍ വീട്ടിലെത്തിയ പ്ലസ് ടു വിദ്യാർത്ഥിയെ പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു

single-img
19 October 2019

കാമുകിയെ കാണാനായി വീട്ടിലെത്തിയ പ്ലസ് ടു വിദ്യാർത്ഥിയെ, പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. ത്രിപുരയിലുള്ള ഗോമതി ജില്ലയിലാണ് സംഭവം നടന്നത്. റിപൻ സർക്കാർ എന്ന് പേരുള്ള 12ാം ക്ലാസ് വിദ്യാർത്ഥി ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതിന് മുന്‍പും പെൺകുട്ടിയുടെ അവളുടെ വീട്ടിലെത്തി കണ്ടതിന് റിപൻ സർക്കാർ മർദ്ദനത്തിനിരയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാനെത്തിയ റിപനെ ഒരു സംഘം വീട്ടിനകത്ത് നിന്ന് പിടികൂടുകയായിരുന്നു.

ഇതറിഞ്ഞ ആരോ റിപന്റെ അമ്മാവനായ പ്രഫുൽ സർക്കാറിനെ വിവരമറിയിച്ചു. അദ്ദേഹം ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ആൾക്കൂട്ടം തടഞ്ഞുവെച്ചു. അതിന് ശേഷമാണ് 17കാരനായ റിപനെ ആൾക്കൂട്ടം മർദ്ദിച്ച് അവശനാക്കിയത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് ആൾക്കൂട്ടം ഇവിടം വിട്ട് പോയത്. മര്‍ദ്ദനത്തില്‍ അവശനായ റിപൻ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. നിലവില്‍ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.