കൊച്ചിയിൽ ഉണ്ടായ പ്രതിഭാസം മൂടൽമഞ്ഞല്ല, ‘റേഡിയേഷണല്‍ ഫോഗ്’; കാരണം ഇതാണ്

single-img
16 October 2019

കൊച്ചിനഗരത്തില്‍ ചെറിയ രീതിയിൽ ഗന്ധത്തോടെ ഇന്ന് രാവിലെ പ്രത്യേക്ഷപ്പെട്ട മൂടല്‍ മഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പലപ്പോഴും കാഴ്‌ച മറയ്ക്കുന്ന നിലയിലായിരുന്നു മഞ്ഞ് രൂപപ്പെട്ടത്. സാധാരണയായുള്ള പുകമഞ്ഞ് പോലെ കാണപ്പെട്ടെങ്കിലും ഇതുമൂലം അന്തരീക്ഷത്തില്‍ തണുപ്പ് അനുഭവപ്പെട്ടിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

നേരം പുലർന്നശേഷം ഏഴിനു ശേഷവും മഞ്ഞിന്റെ അളവില്‍ കുറവുണ്ടായില്ല. ഇപ്പോഴിതാ, ഈ പ്രതിഭാസം പുകമഞ്ഞല്ലെന്നാണ് കുസാറ്റിലെ വിദഗ്ദർ പറയുന്നത്. മറിച്ചു, ‘റേഡിയേഷണല്‍ ഫോഗ്’ എന്ന പ്രതിഭാസമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. സാധാരണമായ പുകമഞ്ഞ് ആണെങ്കില്‍ അന്തരീക്ഷത്തില്‍ നല്ല രീതിയില്‍ പുക കാണും. എന്നാൽ ഇന്ന് കണ്ട പ്രതിഭാസത്തിനു റേഡിയേഷണല്‍ ഫോഗ് എന്നാണ് പറയുക എന്ന് കുസാറ്റ് അറ്റ്‌മോ‌സ്‌ഫെ‌റി‌ക് സയന്‍സസ് വിഭാഗം പ്രൊഫസര്‍ ഡോ.കെ.മോഹനകുമാര്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട മഴ കാരണമാണ് ഇത് രൂപപ്പെടുന്നത്. ഈ മഴയുടെ ഈര്‍പ്പം ഉള്ളതുകൊണ്ട് മഞ്ഞ് പെട്ടന്ന് മുകളിലേക്ക് പോകാത്തതാണ്. സൂര്യൻ ഉദിക്കുകയും അന്തരീക്ഷം ചൂടുപിടിച്ച്‌ നല്ല വെയില്‍ വരുമ്പോള്‍ ഇത് കുറയും. തണുപ്പും ചൂടും മാറിമാറി അന്തരീക്ഷത്തില്‍ വരുന്നതാണ് റേഡിയേഷണല്‍ ഫോഗിനു കാരണമെന്നും വിദഗ്ധര്‍ പറയുന്നു. ഇനി തുടർന്നുള്ള ദിവസങ്ങളിലും ഇങ്ങനെ മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മോഹനകുമാര്‍ പറഞ്ഞു.

എന്നാൽ അന്തരീക്ഷ മലിനീകരണവുമായി ഈ മഞ്ഞിനു ബന്ധമില്ല. മുൻപ് പെയ്ത മഴയുടെ ഈര്‍പ്പം മണ്ണിലുള്ളതുകൊണ്ട് ഇപ്പോള്‍ പൊടിപടലങ്ങളും മലിനീകരണ സാധ്യതയും കുറവാണ്.