ബിജെപിക്ക് വോട്ടു നല്‍കുന്നത് പാക്കിസ്ഥാനില്‍ അണുബോംബിടുന്നതിന് തുല്യമെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ

single-img
14 October 2019

മുംബൈ: ബിജെപിക്ക് വോട്ട് നല്‍കുക എന്നാല്‍ പാകിസ്ഥാനില്‍ ഒരു ആണവ ബോംബ് ഇട്ടുവെന്നാണ് അര്‍ത്ഥമാക്കുന്നത് എന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു മൗര്യയുടെ പരാമര്‍ശം.

”ആളുകള്‍ താമര ചിഹ്നം അമര്‍ത്തിയാല്‍ അതിനര്‍ത്ഥം പാകിസ്ഥാനില്‍ ഒരു ആണവ ബോംബ് എറിഞ്ഞുവെന്നാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ താമര തീര്‍ച്ചയായും പൂക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.” മൗര്യ പറഞ്ഞു. താനെയിലെ മീരാ ഭായന്ദര്‍ നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി നരേന്ദ്ര മേത്തയ്ക്ക് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു മൗര്യ.
”ലക്ഷ്മി ദേവി ഒരു കൈപ്പത്തിയിലോ സൈക്കിളിലോ വാച്ചിലോ ഇരിക്കില്ല, പകരം അവള്‍ താമരയില്‍ ഇരിക്കുന്നു. ആര്‍ട്ടിക്കിള്‍370 താമര കാരണമാണ് റദ്ദാക്കിയതും. താമര വികസനത്തിന്റെ പ്രതീകമാണ്.” മൗര്യ കൂട്ടിച്ചേര്‍ത്തു

ഒക്ടോബര്‍ 21 നാണ് മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഒക്ടോബര്‍ 24 ന് നടക്കും.