നീ നായരല്ലേ? ആഹ് തമ്പ്രാൻ നായർ: നായന്മാർക്ക് ഡിമാൻഡുള്ള അധോലോകം

single-img
14 October 2019

ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്നു നിർമ്മിച്ച “നായന്മാർക്ക് ഡിമാൻഡുള്ള അധോലോകം” എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. മലയാളത്തിലെ ഓരോ സംവിധായകരുടേയും നായകന്മാരുടെ പൊതുസ്വഭാവത്തെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് സ്കെച്ച് കോമഡി വിഭാഗത്തിൽപ്പെടുന്ന ഈ ഹ്രസ്വ ചിത്രത്തിൽ.

സ്ലോ മോഷനിൽ പാലുവാങ്ങാൻ പോകുന്ന അമൽ നീരദിന്റെ നായകനും നാട്ടുകാരുടെ പ്രാരാബ്ധങ്ങൾ മുഴുവൻ ഏറ്റുവാങ്ങുന്ന വിഎം വിനുവിന്റെ നായകനുമെല്ലാം ഉണ്ടെങ്കിലും താൻ നായരാണെന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്ന പ്രിയദർശന്റെ നായകൻ തന്നെയാണ് ഇതിലെ താരം. സ്ഥാനത്തും അസ്ഥാനത്തും ജാതിസ്വത്വം വെളിപ്പെടുത്തുന്ന സവർണ്ണ ഹിന്ദുത്വം നിറഞ്ഞ സിനിമകൾക്ക് നേരേയുള്ള രൂക്ഷമായ പരിഹാസം ഇതിൽ കാണുവാൻ സാധിക്കും.

തീപ്പന്തം എന്ന യൂട്യൂബ് ചാനൽ വഴി പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കോമഡി സ്കെച്ചിന്റെ തിരക്കഥ, സംവിധാനം, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ചിരിക്കുന്നത് പുതുമുഖമായ അനൂപ് ആണ്. നായകവേഷം ചെയ്തിരിക്കുന്ന ആനന്ദ് മന്മഥൻ എന്ന യുവനടന്റെ പ്രകടനം എടുത്തുപറയേണ്ട ഒന്നാണ്. സുനിൽ ഇബ്രാഹിമിന്റെ “വൈ” അടക്കമുള്ള ചിത്രങ്ങളിൽ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ളയാളാണ് ആനന്ദ് മന്മഥൻ. നിരവധി സിനിമകളിലെ വേഷങ്ങളിലൂടെ അറിയപ്പെടുന്ന നടനും ഫോട്ടോഗ്രാഫറുമായ അരുൺ പുനലൂരും ഇതിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. ശരത് കുമാർ കോടോത്ത്, ശബരി രാജ് എന്നിവരാണ് മറ്റു വേഷങ്ങൾ ചെയ്തിരിക്കുന്നത്. ക്യാമറ: നിവിൽ വർഗീസ്, ശബ്ദ സംവിധാനം: എൽദോ.