Movies, National

എവിടെ നമ്മുടെ നേതാവിന്റെ സുരക്ഷ? പ്രദേശം വൃത്തിയാക്കാനായി ഒറ്റയ്ക്ക് ഒരു ക്യാമറാമാനൊപ്പം അയച്ചത് എന്തിന്?; പരിഹാസവുമായി പ്രകാശ് രാജ്

ഇന്ത്യയും ചൈനയും തമ്മിലുള്ള രണ്ടാം അനൗദ്യോഗിക ഉച്ചകോടിയ്ക്ക് തമിഴ്നാട്ടിലെ മഹാബലിപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഭാത സവാരിയ്ക്കിടെ മഹാബലിപുരത്തെ കടല്‍തീരത്തുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ചിത്രവും വീഡിയയും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പ്രധാനമന്ത്രി മോദി തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഇപ്പോള്‍ മോദിയെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. പ്രധാനമന്ത്രിക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ എവിടെയാണെന്നും വിദേശത്ത് നിന്ന് അതിഥികള്‍ എത്തിയിരിക്കുന്ന അവസരത്തില്‍ എന്തുകൊണ്ട് കടല്‍ത്തീരം വൃത്തിയാക്കിയില്ലെന്നും പ്രകാശ് രാജ് ചോദിക്കുന്നു. സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം.

‘എവിടെ നമ്മുടെ നേതാവിന്റെ സുരക്ഷ? ഈ പ്രദേശം വൃത്തിയാക്കാന്‍ അദ്ദേഹത്തെ, ഒറ്റയ്ക്ക് ഒരു ക്യാമറാമാനൊപ്പം അയച്ചത് എന്തിന്? വിദേശത്ത് നിന്ന് ഒരു സംഘം എത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഈ പ്രദേശം വൃത്തിയാക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധകൃതര്‍ക്ക് എങ്ങനെ ധൈര്യം വന്നു’- പ്രകാശ് രാജ് കുറിച്ചു.