കടക്കെണി;’ബിജെപി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കുക’ എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

single-img
13 October 2019

കടക്കെണിയില്‍ ആയതിനെ തുടര്‍ന്ന് ബിജെപിയുടെ ടീഷര്‍ട്ട് ധരിച്ച് മഹാരാഷ്ട്രയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. 38വയസുള്ള രാജു തല്‍വാരെയാണ് ബുല്‍ധാന ജില്ലയില്‍ തൂങ്ങി മരിച്ചത്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി സംസ്ഥാനത്തെ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതമാണ് ഈസംഭവം പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേവേന്ദ്രഫട്നവിസ് സര്‍ക്കാരിനെ പിടിച്ചുലയ്ക്കാന്‍ പോന്നതാണ് മഹാരാഷ്ട്രയില്‍ തുടരുന്ന കര്‍ഷക പ്രതിസന്ധി. ഇന്ന് രാവിലെ 11 മണിയോടെ ജല്‍ഗോണിലെ ഇയാളുടെ വീട്ടില്‍ തന്നെയാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. മരിക്കുമ്പോള്‍ രാജു ധരിച്ച ടി ഷര്‍ട്ടില്‍ ‘ബിജെപി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കുക’ എന്ന് എഴുതിയിരുന്നു. ഇയാള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും കടക്കെണിയാണ് മരണകാരണമെന്നുമാണ് പ്രാഥമിക നിഗമനം.

കര്‍ഷകന്റെ മരണത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ നിലവിലെ മന്ത്രിയായ സഞ്ജയ് കട്ടെയാണ് ജല്‍ഗോണിലെ ബിജെപി സ്ഥാനാര്‍ത്ഥി. മഹാരാഷ്ട്രയില്‍ ഭരണത്തില്‍ തിരിച്ചുവരുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി – ശിവസേന സഖ്യം. അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 16000 കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്ന കണക്കുമായി ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് എന്‍സിപിയും കോണ്‍ഗ്രസും.