ഗുജറാത്തിലെ സ്കൂള്‍ പരീക്ഷാ ചോദ്യം, ‘മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങിനെ?’ ; വിവാദമാകുന്നു

single-img
13 October 2019

ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളിൽ നടത്തിയ പരീക്ഷയിൽ മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെയാണെന്ന ചോദ്യം ഉള്‍പ്പെട്ടത് വിവാദമാകുന്നു. സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ഇന്റണൽ പരീക്ഷയ്ക്കിടെയാണ് എങ്ങനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത് എന്ന ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി.ഗുജറാത്തിലെ സുഫലം ശാല വികാസ് സൻകുൽ എന്ന സംഘടനയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ ഗാന്ധിനഗറിൽ പ്രവര്‍ത്തിക്കുന്ന സുഫലം ശാല വികാസ് സൻകുൽ എന്ന സംഘടനയ്ക്ക് സർക്കാർ ധനസഹായവും ലഭിക്കുന്നുന്നുണ്ട്.

ഇത് മാത്രമല്ല, ഇതേ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ പരീക്ഷയിലെ മറ്റൊരു ചോദ്യം ഇങ്ങനെ: “നിങ്ങളുടെ പ്രദേശത്ത് മദ്യത്തിന്‍റെ വില വർദ്ധിച്ചതിനെക്കുറിച്ചും മദ്യം ഒളിച്ചു കടത്തുന്നവന്‍ സൃഷ്ടിച്ച ശല്യത്തെക്കുറിച്ചും പരാതിപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് ഒരു കത്ത് എഴുതുക?. കഴിഞ്ഞ ശനിയാഴ്ച നടന്ന ഇന്‍റേണല്‍ പരീക്ഷകളിലാണ് ഈ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നത്.

സ്കൂള്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ തീര്‍ത്തും അധിക്ഷേപകരമായ പരാമര്‍ശമാണെന്ന് ഗാന്ധിനഗർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഭാരത് വധേര്‍ അറിയിച്ചു. സ്കൂള്‍ മാനേജ്‌മെന്റാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കിയതെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.