ആള്‍ക്കൂട്ട കൊലപാതകങ്ങളിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി; ദളിത്-ഒബിസി വിദ്യാര്‍ത്ഥികളെ കോളേജിൽ നിന്നും പുറത്താക്കി

single-img
12 October 2019

രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങൾ, കാശ്മീര്‍ വിഷയം, ബലാത്സംഗ കേസുകളില്‍ പ്രതിയാകുന്ന രാഷ്ട്രീയ നേതാക്കളെ സംരക്ഷിക്കുന്നു തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദിക്ക് കത്തയച്ച വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കി. മഹാരാഷ്ട്ര വര്‍ധയിലെ എംജി അന്താരാഷ്ട്രീയ ഹിന്ദി വിദ്യാലയത്തിലെ ആറ് വിദ്യാര്‍ത്ഥികളെയാണ് കേളേജില്‍ നിന്ന് പുറത്താക്കിയത്.

പക്ഷെ, ഈ കത്തിന്റെ പേരിലല്ല, കോളേജിൽ ധര്‍ണ സംഘടിപ്പിച്ചതും നീതിന്യായ വ്യവസ്ഥയ്ക്ക് വിരുദ്ധമായും, അസംബ്ലി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായും പ്രവര്‍ത്തിച്ചെന്നും കാണിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. സർവകലാശാലാ രജിസ്ട്രാര്‍ ഒക്ടോബര്‍ ഒമ്പതിന് പുറത്തിറക്കിയ ഉത്തരവില്‍ 2019ലെ അസംബ്ലി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി ഈ വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തിച്ചെന്നും ജൂഡീഷ്യല്‍ നടപടികളില്‍ ഇടപെട്ടെന്നുമാണ് ആരോപണം.

എന്നാല്‍ 100ലധികം കുട്ടികള്‍ ധര്‍ണയില്‍ പങ്കെടുത്തെന്നും അതില്‍ ദളിത് ഒബിസി വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാത്രമാണ് സര്‍വകലാശാല നടപടിയെടുത്തതെന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളിലൊരാളായ ചന്ദന്‍ സരോജ് പറഞ്ഞു. “സര്‍വകലാശാല പറയുന്ന കാരണമായ ധര്‍ണയ്ക്ക് നിരവധി ഉയര്‍ന്ന ജാതിക്കാരായ വിദ്യാര്‍ത്ഥികളും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കെതിരെയൊന്നും ഇല്ലാത്ത നടപടിയാണ് ഞങ്ങള്‍ക്കെതിരെ ഉണ്ടായിരിക്കുന്നത്”- ചന്ദന്‍ പറയുന്നു.

കോളേജിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം തീര്‍ക്കുമെന്ന് വിദ്യാര്‍ത്ഥി സംഘടനയായ ഐസ പ്രഖ്യാപിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുന്ന കാര്യത്തില്‍ അനുമതി ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയ അപേക്ഷയില്‍ ഡേറ്റില്ലെന്ന് കാണിച്ച് അത് നിരസിക്കുകയായിരുന്നു.

കോളേജ് അധികൃതര്‍. എന്നാല്‍ അപ്പോഴൊന്നും പെരുമാറ്റച്ചട്ടത്തെ കുറിച്ച് പറഞ്ഞിരുന്നില്ലെന്നും. പെരുമാറ്റച്ചട്ടത്തിന്‍റെ പേരില്‍ എങ്ങനെയാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കാനാവുകയെന്നും വിദ്യാര്‍ത്ഥികള്‍ ചോദിച്ചു. ഇനി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് വിദ്യാര്‍ത്ഥികള്‍.