കൂടത്തായി കേസ് ഇനി ഐപിഎസ് ട്രെയിനിംഗില്‍ പാഠ്യവിഷയം

single-img
12 October 2019

കേരളം മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസിനെ ഐപിഎസ് ട്രെയിനിംഗിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ പത്ത് എഎസ്‍പിമാർക്കുള്ള പരിശീലനം വടകര റൂറൽ എസ്‍പി ഓഫീസിൽ ആരംഭിച്ചുകഴിഞ്ഞു.

ഉത്തരമേഖലാ റേഞ്ച് ഐജിയുടെ ചുമതലയുള്ള അശോക് യാദവാണ് ക്ലാസെടുക്കുന്നത്. ഈ ട്രെയിനിംഗിന് എത്തിയവർക്ക് ജോളിയെ ചോദ്യം ചെയ്യുന്നത് നിരീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടത്തായിയിലെ കേസ് തെളിയിക്കുക എന്നത് പോലീസിന് കടുത്ത വെല്ലുവിളിയാണെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ ഇന്ന് പറഞ്ഞത്. നിലവിൽ അന്വേഷണം തൃപ്തികരമാണ്.തുടർന്ന് ആവശ്യമെങ്കിൽ അന്വേഷണസംഘത്തില്‍ കൂടുതല്‍ വിദഗ്‍ധരെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, കൊലപാതക പരമ്പരയില്‍ അന്വേഷണം നടത്താനായി നാളെ എസ്‍പി ദിവ്യ എസ് ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള വിദഗ്‍ധസംഘം കൂടത്തായിയിലെത്തും. സംസ്ഥാനത്തെ ഏറ്റവും മികച്ച ഫോറന്‍സിക് വിദഗ്‍ധരും ഡോക്ടര്‍മാരുമൊക്കെയുള്‍പ്പെടുന്ന സംഘമാണ് ഇതിനായി എത്തുക.

ഈ വിദഗ്‍ധ സംഘത്തിന്‍റെ പരിശോധനയ്ക്കും റിപ്പോര്‍ട്ടിനും ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് ഫോറൻസിക് പരിശോധനക്ക് അയയ്ക്കുന്ന കാര്യം തീരുമാനിക്കുക. സംഘവുമായി ഇന്നലെ ഡിജിപി ചർച്ച നടത്തിയിരുന്നു.