നേതാക്കള്‍ ആരും ക്ഷണിച്ചിട്ടില്ല; ബിഡിജെഎസ് ഇടത് മുന്നണിയിലേക്ക് ഇല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി • ഇ വാർത്ത | evartha
Kerala

നേതാക്കള്‍ ആരും ക്ഷണിച്ചിട്ടില്ല; ബിഡിജെഎസ് ഇടത് മുന്നണിയിലേക്ക് ഇല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ബിഡിജെഎസ് ഇടത് മുന്നണിയിലേക്ക് ഇല്ല എന്ന് വ്യക്തമാക്കി സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഇടത് നേതാക്കള്‍ ആരും മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ല. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും തുഷാര്‍ പറഞ്ഞു.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഡിജെഎസിനെ ഇടത് മുന്നണിയും യുഡിഎഫും സ്വാഗതം ചെയ്യുന്നുണ്ടെന്നായിരുന്നു തുഷാര്‍ നേരത്തെ പറഞ്ഞിരുന്നത്.

എന്നാൽ ആര് വിളിച്ചാലും തങ്ങൾ എന്‍ഡിഎയില്‍ തന്നെ ഉറച്ചുനില്‍ക്കാനാണ് തീരുമാനമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.എൻഡിഎയിൽ നിന്നും മുന്നണി മാറ്റം തള്ളാതെ തുഷാര്‍ ഉപതെരഞ്ഞെടുപ്പില്‍ അരൂരില്‍ മല്‍സരിക്കാതെ മാറിനിന്ന് പ്രതിഷേധിച്ചിട്ടും ബിജെപി നേതൃത്വം അവഗണിക്കുകയാണെന്നും മുന്നണിക്ക് അരൂരിലും എറണാകുളത്തും വിജയസാധ്യതതയില്ലെന്നും തുഷാര്‍ പറഞ്ഞിരുന്നു.

തുഷാറിന്റെ പ്രസ്താവന എന്‍ഡിഎയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നിയില്‍ കെ സുരേന്ദ്രന്റെ പ്രചാരത്തിനെത്തിയപ്പോഴാണ് തുഷാര്‍ ഈ പ്രസ്താവന നടത്തിയത്. വട്ടിയൂര്‍കാവിലും കോന്നിയിലും മഞ്ചേശ്വരത്തും വിജയപ്രതീക്ഷ ഉണ്ടെങ്കിലും അരൂരും എറണാകുളത്തും വിജയിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയായിരുന്നു അദ്ദേഹം.

സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനടക്കം നടത്തിയ പ്രസ്താവന തുഷാര്‍ ഇടത് മുന്നണിയിലേക്കെത്തുമെന്ന അഭ്യൂഹത്തിന് ഇടക്കാലത്തിൽ കാരണമായിരുന്നു.