ഫോക്സവാഗണ്‍ ഇന്ത്യയും സ്‍കോഡ ഓട്ടോ ഇന്ത്യയും ലയിച്ചു; ഇനി സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

single-img
10 October 2019

ജർമ്മനിയിൽ നിന്നുള്ള ആഡംബര വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍റെ ഇന്ത്യയിലെ ഉപസ്ഥാപനമായ ഫോക്സവാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഉപസ്ഥാപനം സ്‍കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ലയിക്കുന്നു. ഇനിമുതൽ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പുതിയ കമ്പനിയുടെ പേരെന്നാണ് റിപ്പോര്‍ട്ട്. പുതിയ കമ്പനിയിൽ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് സെയില്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെ മൂന്ന് കമ്പനികളാണ് ലയിച്ചത്.

ഇതോടുകൂടി സ്‌കോഡ, ഫോക്‌സ്‌വാഗണ്‍, ഔഡി, പോര്‍ഷെ, ലംബോര്‍ഗിനി എന്നീ കാറുകള്‍ ഒരു കുടക്കീഴിലായി. ഫോക്‌സ്‌വാഗൻ ഗ്രൂപ്പ് മുന്നോട്ടുവെക്കുന്ന ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായാണ് കമ്പനികളുടെ ലയനം. ഗുര്‍പ്രതാപ് ബോപ്റായിയാണ് പുതിയ സംരംഭത്തിന്‍റെ തലവന്‍. ഇന്ത്യയിലുള്ള വിപണി സംബന്ധിച്ച കാഴ്ച്ചപ്പാടും വിപണന തന്ത്രങ്ങളും പുതിയ കമ്പനി പരസ്‍പരം പങ്കുവെയ്ക്കും.

മഹാരാഷ്ട്രയിലെ പുണെ ആയിരിക്കും പുതിയ കമ്പനിയുടെ ആസ്ഥാനം. ഇതിന് പുറമെ മുംബൈ, ദില്ലി എന്നിവിടങ്ങളിലും രാജ്യത്തെ മറ്റ് നഗരങ്ങളിലും പ്രാദേശിക ഓഫീസുകള്‍ ഉണ്ടായിരിക്കും. പുതിയ പദ്ധതിയുടെ ഭാഗമായി ഫോക്‌സ്‌വാഗണും സ്‌കോഡയും വിവിധ മോഡലുകള്‍ വികസിപ്പിച്ച് വിപണിയിലെത്തിക്കും. ലയിച്ച ശേഷമുള്ള ആദ്യ മോഡലുകള്‍ സ്‌കോഡയുടെയും ഫോക്‌സ്‌വാഗണിന്റെയും മിഡ്‌സൈസ് എസ്‌യുവികളായിരിക്കും.

2025 ആകുന്നതോടെ ഇന്ത്യയില്‍ രണ്ട് ബ്രാന്‍ഡുകളുടെയും വിപണി വിഹിതം വര്‍ദ്ധിപ്പിക്കുകയാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് ഇന്ത്യയുടെ ലക്ഷ്യം.