മരട് ഫ്ലാറ്റുകള്‍: ഉടമകള്‍ക്ക് രേഖകള്‍ കൈമാറാന്‍ ഒരാഴ്ചകൂടി സമയം അനുവദിച്ചു

single-img
10 October 2019

ഇതുവരെയ്ക്കും ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിയാത്ത മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് രേഖകള്‍ കൈമാറാന്‍ കൂടുതല്‍ സമയം അനുവദിച്ചു. രേഖകള്‍ വരുന്ന ഒരാഴ്ചയ്‍ക്കുള്ളില്‍ കൈമാറാനാണ് നഷ്ടപരിഹാര നിര്‍ണായക സമിതി ആവശ്യപ്പെട്ടത്.

നഷ്ട പരിഹാര വിതരണത്തിനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായുള്ള മൂന്നംഗസമിതിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. മരട് മുനിസിപ്പാലിറ്റിയിൽ ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കിലും വാങ്ങിയെന്ന് തെളിയിക്കുന്ന വില്‍പ്പന കരാർ ഹാജരാക്കുന്നവർക്ക് നഷ്ടപരിഹാരതിന് അർഹതയുണ്ടെന്നാണ് സമിതിയുടെ വിലയിരുത്തല്‍.എന്നാൽ ഫ്‌ളാറ്റുകളുടെ യഥാർത്ഥ വില എത്രയാണെന്ന് ഉടമകൾ സത്യവാങ്മൂലം നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടു.

ഇതുവരെ നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടികയും ഉടമസ്ഥരേഖകളുമാണ് സമിതി ഇന്ന് പരിശോധിച്ചത്. പൊളിക്കാനുള്ള എല്ലാ ഫ്‌ളാറ്റിലുമായി 241 ഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്ന് നഗരസഭ സർക്കാരിന് നൽകിയ പട്ടികയിലുണ്ട്. ഇതിൽ 135 ഫ്ലാറ്റുടമകൾ ഉടമസ്ഥാവകാശ രേഖയും 106 പേർ വിൽപ്പന കരാറും നഗരസഭയിൽ ഹാജരാക്കിയിരുന്നു.

ശേഷിച്ച 54 ഫ്ലാറ്റുകൾ നിർമ്മാതാക്കളുടെ പേരിൽ തന്നെയാണ്. തുടർന്നുള്ള ദിവസങ്ങളിൽ ഉടമകളേയും സമിതി വിളിച്ചുവരുത്തി നഷ്ടപരിഹാരം സംബന്ധിച്ച തെളിവെടുപ്പ് നടത്തിയേക്കും.