ജോളിയുടെ കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പ്രശസ്ത അഭിഭാഷകന്‍; തനിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് ഭര്‍ത്താവ് ഷാജു

single-img
8 October 2019

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയില്‍ പ്രതിയായ ജോളി തന്നെ കേസുമായി സമീപിച്ചിരുന്നുവെന്ന് പ്രശസ്ത അഭിഭാഷകന്‍. എന്നാല്‍ കേസ് ഏറ്റെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് അഡ്വ. എം അശോകന്‍ പറഞ്ഞു.

കൊലപാതകങ്ങള്‍ എല്ലാം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായം ലഭിച്ചിരുന്നെന്നും ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തന്നെ സഹായിച്ച ഷാജുവിനും പിതാവ് സക്കറിയയ്ക്കും ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും കൊലപാതക വിവരം അറിയാമായിരുന്നെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം ജോളിയുടെ കാര്യത്തില്‍ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് ഭര്‍ത്താവ് ഷാജു പറഞ്ഞു.
തന്റെ ഭാര്യ മരിച്ച്‌ ആറു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ ജോളിയും വിവാഹത്തിനായി ശ്രമം തുടങ്ങിയതായും ഷാജു പറഞ്ഞു. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞേ സാധിക്കൂ എന്ന് താന്‍ പറഞ്ഞതായും പിഞ്ചു കുഞ്ഞായതിനാലാണ് പോസ്റ്റുമോര്‍ട്ടത്തിനു വിസമ്മതിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോളിയുടെ ഉന്നത ബന്ധങ്ങളെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും തനിക്ക് അറിയില്ലെന്നും ഷാജു പ്രതികരിച്ചു. ജോളി തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചേക്കുമെന്നും ഷാജു പറ‌ഞ്ഞു.  അന്വേഷണ സംഘം ഷാജുവിനെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷം വിട്ടയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ട്.