ആരെ കോളനിയിലെ മരങ്ങളുടെ അത്രപോലും വിലയില്ലാതായി കാശ്മീരിലെ ജനങ്ങള്‍ക്ക്: മെഹബൂബ മുഫ്തി

single-img
7 October 2019

കാശ്മീര്‍ ജനതയ്ക്ക് മുംബൈയിലെ ആരെ കോളനിയിലെ മരങ്ങളുടെ അത്രപോലും വിലയില്ലാതായെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. മഹാരാഷ്ട്രയിലെ മുംബൈ ആരെ കോളനിയിലെ മരം മുറിക്കാനുള്ള നീക്കം സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയായിരുന്നു മെഹബൂബയുടെ പ്രതികരണം.

മകള്‍ നിയന്ത്രിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു മെഹബൂബയുടെ ട്വീറ്റ്. കോളനിയിലെ മരം മുറിക്കല്‍ തടഞ്ഞ പരിസ്ഥിതി-സാമൂഹ്യപ്രവര്‍ത്തകരെ താന്‍ അഭിനന്ദിക്കുന്നെന്നും എന്തുകൊണ്ടാണ് ഈ അവകാശം കാശ്മീരിലെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നതെന്നും മെഹബൂബ മറ്റൊരു ട്വീറ്റിലൂടെ ചോദിച്ചു.

കാശ്മീര്‍ ജനത ഇന്ത്യയുടെ ഭാഗമാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.പക്ഷെ അടിസ്ഥാന അവകാശങ്ങള്‍പ്പോലും അവര്‍ക്ക് നിഷേധിച്ചുകൊണ്ടിരിക്കുകയാണ്, മെഹബൂബ പറയുന്നു. ഇന്നായിരുന്നു ആരെ കോളനിയിലെ മരം മുറിക്കാനുള്ള നീക്കം സുപ്രീം കോടതി സ്റ്റേ ചെയ്തത്. കോടതിയില്‍ നിന്നും ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ മരങ്ങള്‍ മുറിക്കാന്‍ പാടില്ലെന്നും, മരം മുറിക്കുന്നത് തടയാന്‍ പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായവരെ മുഴുവന്‍ വിട്ടയക്കണമെന്നുമാണ് കോടതി നിര്‍ദ്ദേശം.