വട്ടിയൂർക്കാവിലെ പ്രചാരണത്തിന്റെ ചുമതല കുമ്മനത്തിന്: രാജഗോപാലിനെ പരോക്ഷമായി വിമർശിച്ച് ശ്രീധരൻ പിള്ള

single-img
2 October 2019

വട്ടിയൂർക്കാവിൽ ബിജെപിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പൂർണ്ണ ചുമതല കുമ്മനം രാജശേഖരന് . സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കമായിരുന്നു
വട്ടിയൂർക്കാവിലെ എൻഡിഎ കൺവെൻഷനിൽ പ്രധാന വിഷയമായി ഉയർന്നുവന്നത്.

കൺവെൻഷൻ ഉദ്ഘാടനം ചെയ്ത പി എസ് ശ്രീധരൻപിള്ള കുമ്മനത്തിനാണ് തെരഞ്ഞെടുപ്പിന്‍റെ പൂർണ്ണചുമതലയെന്ന് പ്രഖ്യാപിച്ചു. കുമ്മനത്തെ സ്ഥാനാർത്ഥിയായി നേരത്തെ പ്രഖ്യാപിച്ച ഒ രാജഗോപാലിനെ പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രസംഗം.

പാർലമെന്‍ററി ബോർഡ് തീരുമാനിക്കുന്നതിന് മുൻപ്
സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന രീതി ബിജെപിയിലില്ലെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം.
രാജഗോപാലിനെ വേദിയിലിരുത്തിയായിരുന്നു ശ്രീധരൻ പിള്ളയുടെ ഒളിയമ്പ്.

മണ്ഡലത്തിൽ നിന്ന് ഒളിച്ചോടാൻ വന്നതല്ലെന്ന് വ്യക്തമാക്കിയ കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥി നിർണ്ണയത്തിലെ തർക്കങ്ങൾ നുണപ്രചാരണം മാത്രമാണെന്ന് വിശദീകരിച്ചു. കുമ്മനത്തിന് തെരഞ്ഞെടുപ്പിന്‍റെ പൂ‍ർണ്ണചുമതല നൽകി ആരോപണങ്ങൾ തടയിടാനാണ് ബിജെപിയുടെ ശ്രമം. വി വി രാജേഷ് ഉൾപ്പടെ ജില്ലയിലെ പ്രമുഖ ബിജെപി നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തിരുന്നു.