തമിഴ്, കന്നഡ, തെലുങ്ക് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഹിന്ദി ഒരു കൊച്ചുകുട്ടി; അത് ഞങ്ങളുടെ തൊണ്ടയില്‍ കുത്തി നിറയ്ക്കരുത്: കമല്‍ ഹാസന്‍

single-img
2 October 2019

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഒറ്റഭാഷാ പരാമർശത്തിൽ ഉണ്ടായ ഹിന്ദി ഭാഷാ വിവാദം രാജ്യത്ത് കടുത്ത പ്രതിഷേധങ്ങള്‍ തീര്‍ക്കുന്ന സമയത്ത് ബിജെപിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ചലച്ചിത്ര താരവും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍.

ദക്ഷിണേന്ത്യൻ ഭാഷയായ തമിഴുമായി താരതമ്യപ്പെടുത്തിയാല്‍ ഹിന്ദി ഒരു കൊച്ചു കുട്ടിയാണെന്നായിരുന്നു കമല്‍ഹാസന്‍റെ പ്രതികരണം. നമ്മുടെ തമിഴ്, കര്‍ണാടക, തെലുങ്ക് എന്നീ ഭാഷകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഹിന്ദി ഒരു കൊച്ചുകുട്ടിയാണ്, അതിനാൽ അത് ഞങ്ങളുടെ തൊണ്ടയില്‍ കുത്തി നിറയ്ക്കരുതെന്ന് കമല്‍ഹാസന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ചെന്നൈയിലെ ലയോള കോളേജിലെ വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡിപ്പാര്‍ട്മെന്‍റ് സംഘടിപ്പിച്ച പരിപാടിയില്‍ രാജ്യത്ത് ഹിന്ദി ഭാഷഅടിച്ചേല്‍പ്പിക്കുന്നതിനെക്കുറിച്ച് ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കമൽ.

അതേപോലെതന്നെ വെല്ലൂരിൽ ദലിതരെ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കാൻ അനുവദിക്കാത്തതും സംസ്ഥാന സർക്കാർ പ്രത്യേക ശ്മശാനം പണിയാൻ ശ്രമിക്കുന്നതിനെയും കമല്‍ഹാസന്‍ വിമര്‍ശിച്ചു. ഏറ്റവും കുറഞ്ഞത് ശ്മശാനത്തിലെങ്കിലും സമത്വം ഉറപ്പാക്കാന്‍ നമുക്കാവണം. തന്റെറെ മരണത്തിന് ശേഷം ദളിത് സഹോദരന്മാരുടെ കൂടെ ഉണ്ടായിരിക്കട്ടേ എന്നും കമല്‍ പറഞ്ഞു.

രാഷ്ട്രീയത്തിലെ ഇടപെടല്‍, നവ മാധ്യമങ്ങളിലെ ഇടപെടല്‍ എന്നിവയെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കും കമല്‍ തന്‍റെ നിലപാട് വ്യക്തമാക്കി. നമ്മുടെ രാഷ്ട്രീയത്തില്‍ നാം ഇടപെടേണ്ടത് യുവാക്കളുടെ ഉത്തരവാദിത്വം ആണ്. ഇവിടെ സര്‍ക്കാരും രാഷ്ട്രീയവുമുണ്ടെങ്കിലേ മനുഷ്യവികസനവും കാര്‍ഷിക രംഗത്തെ വികസനവും സാധ്യമാകുകയുള്ളു എന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി.

രാഷ്ട്രീയത്തിനെ വൃത്തികെട്ടമേഖലായണെന്ന് പറഞ്ഞ് യുവാക്കള്‍ മാറി നില്‍ക്കരുത്. ഞാൻ എന്‍റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യണം എന്നല്ല പറയുന്നത്, അങ്ങിനെയല്ലാതെ, നമ്മുടെ ഉത്തരവാദിത്തത്തെക്കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കണം എന്നാണ് പറയാനുള്ളത്- കമല്‍ പറഞ്ഞു.