സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ തീവെച്ച കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന്

single-img
30 September 2019

തിരുവനന്തപുരത്തുള്ള സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ രാത്രി തീവെച്ച സംഭവത്തില്‍ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കി. ആക്രമണം നടന്നിട്ട് ഒരു വര്‍ഷമായിട്ടും പോലീസിന് പ്രതികളെ പിടികൂടാന്‍ സാധിച്ചില്ലെന്ന് സന്ദീപാനന്ദഗിരി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയെ തുടര്‍ന്നാണ് സംസ്ഥാന പോലീസ് മേധാവി ക്രൈംബാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

2018 ഒക്ടോബര്‍ 27നായിരുന്നു സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിന് നേര്‍ക്ക് ആക്രമണമുണ്ടാവുന്നത്. ആശ്രമത്തിന്റെ മുന്‍പില്‍ നിര്‍ത്തിയിട്ട കാറുകള്‍ തീയിട്ട് നശിപ്പിക്കുകയായിരുന്നു. സുപ്രീം കോടതിയുടെ ശബരിമല വിവാദത്തിനിടെയായിരുന്നു ആക്രമണമുണ്ടായിരുന്നത്.

ഈ വിഷയത്തില്‍ ഉള്‍പ്പെടെ സംഘപരിവാറിന്റെയും തന്ത്രി കുടുംബത്തിന്റെയും നിലപാടുകളെ വിമര്‍ശിക്കുന്നയാളാണ് സ്വാമി സന്ദീപാനന്ദ ഗിരി. തന്റെ നേര്‍ക്ക് ആക്രമണ ഭീഷണികളുണ്ടായിരുന്നതായി സന്ദീപാനന്ദ ഗിരി പറഞ്ഞിരുന്നു.