ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കി; പെരിയ ഇരട്ടക്കൊലപാതക അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി

single-img
30 September 2019

കാസർകോട് ജില്ലയിലെ പെരിയയിൽ നടന്ന ഇരട്ടക്കൊലപാതകക്കേസിൽ സിബിഐ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. കേരളാ പോലീസ് നടത്തിയ അന്വേഷണത്തെ രൂക്ഷമായി വിമർശിച്ച ശേഷമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് സിബിഐക്ക് വിട്ടത്.

ഈ വർഷം ഏപ്രിലിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. കേസിലെ രാഷ്ട്രീയ ചായ്‍വടക്കം വിശദമായി അന്വേഷണിക്കണമെന്നാവശ്യപ്പെട്ടാണ് കോടതി കേസ് സിബിഐക്ക് വിട്ടത്. പോലീസ് നടത്തിയ അന്വേഷണത്തിൽ രാഷ്ട്രീയ ചായ്‍വുണ്ടായെന്നടക്കം കോടതി സംശയിക്കുന്നു.

ഫെബ്രുവരി 17നായിരുന്നു പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ദേഹമാകെ വെട്ടേറ്റ ശരത്ത് ലാലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃപേഷും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.കേസിൽ ഒന്നാംപ്രതിയും സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എ പീതാംബരന്റെ വ്യക്തിവിരോധമാണ് പെരിയയിലെ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ക്രൈബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്.

പീതാംബരൻ ഉൾപ്പെടെ പതിനാല് പേരാണ് കേസില്‍ ഉൾപ്പെട്ടിരുന്നത്. സജി സി ജോർജ്, സുരേഷ്, അനിൽ കുമാർ, ​ഗിജിൻ, ശ്രീരാ​ഗ്, അശ്വിൻ, സുബീഷ്, മുരളി, ര‍ഞ്ജിത്ത്, പ്രദീപൻ, മണികണ്ഠൻ, ബാലകൃഷ്ണൻ എൻ, മണികണ്ഠൻ ബി എന്നിവരാണ് ഈ കുറ്റപത്രം പ്രകാരമുള്ള മറ്റ് പ്രതികൾ.

എന്നാൽ പെരിയ ഇരട്ടക്കൊലപാതകക്കേസിൽ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. രണ്ട് യുവാക്കൾ വളരെക്രൂരമായി കൊലപ്പെട്ട കേസാണിതെന്ന് ഓ‌ര്‍മ്മിപ്പിച്ച കോടതി, കേസിൽ ഗൗരവപൂർണ്ണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് നിരീക്ഷിച്ചു. അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതിൽ പോലും ഇത് വ്യക്തമാണെന്ന് പറഞ്ഞ കോടതി വിചാരണ നടന്നാൽ പോലും പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു.