ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യ: സിബിഐ

single-img
30 September 2019

പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയാണെന്ന് സിബിഐ. ഈ നിഗമനത്തിൽ സിബിഐ കുറ്റപത്രം തയ്യാറാക്കി. അതേസമയം രണ്ടുപേര്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്. മുൻപ് ഉണ്ടായിരുന്ന പ്രതിപ്പട്ടികയില്‍ നിന്ന് നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ ഒഴിവാക്കിയിട്ടുണ്ട്. 2017 ജനുവരി ആറിനായിരുന്നു ജിഷ്ണുവിനെ കോളേജ് ഹോസ്റ്റലില്‍ ദുരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആരംഭത്തിൽ ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ്,വിവാദങ്ങള്‍ ശക്തമായതിനെത്തുടര്‍ന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സിബിഐ ഏറ്റെടുത്തത്. കൊച്ചിയിലെ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ്, ജിഷ്ണുവിന്‍റേത് ആത്മഹത്യയാണെന്ന നിഗമനം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നത്.

നിലവിൽ ജിഷ്ണുവിന്റെ മരണത്തിൽ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ എന്‍ ശക്തിവേല്‍, ഇന്‍വിജിലേറ്ററും അസിസ്റ്റന്‍റ് പ്രൊഫസറുമായ സി പി പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരിക്കുന്നത്. വിദ്യാർത്ഥി പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് തെറ്റായി പ്രചരിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

പരീക്ഷയ്ക്ക് ശേഷം കോപ്പിയടിച്ചെന്ന് ജിഷ്ണുവിനെക്കൊണ്ട് ബലമായി എഴുതി ഒപ്പിട്ടുവാങ്ങി. എന്‍ ശക്തിവേലും സി പി പ്രവീണുമാണ് ഇങ്ങനെ എഴുതി വാങ്ങിയത്. അതിനാലാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം കൃഷ്ണദാസിനും മറ്റുള്ളവര്‍ക്കുമെതിരെ തെളിവുകള്‍ ലഭിച്ചില്ല. സംഭവ ദിവസം കൃഷ്ണദാസ് കോളേജില്‍ ഉണ്ടായിരുന്നുമില്ല. അതിനാല്‍തന്നെ അവര്‍ക്കൊന്നുമെതിരെ കുറ്റം ചുമത്താനാവില്ലെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.