‘ലൂസിഫര്‍, ആദ്യകാഴ്ചയില്‍ എന്നെ അത്ഭുതപ്പെടുത്തിയ ചിത്രം’; ചിരഞ്ജീവി

single-img
30 September 2019

മോഹന്‍ലാലിനെ നായകനാക്കി യുവതാരം പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് ലൂസിഫര്‍. ലൂസിഫറിനെക്കുറിച്ച് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിരഞ്ജീവിയുടെ ബ്രഹാമാണ്ഡചിത്രം സെയ് റാ നരസിംഹ റെഡ്ഡിയുടെ കേരളാ ലോഞ്ചില്‍ സംസാരി ക്കവെയായിരുന്നു പരാമര്‍ശം. പൃഥ്വിരാജും കൊച്ചിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു.

‘ഈ അടുത്താണ് ഞാന്‍ ലൂസിഫര്‍ കണ്ടത്. മലയാളത്തിലെ ഏറ്റവും വലിയ വിജയമാണെന്നും എന്തായാലും കാണണമെന്നും എന്നോട് ആരോ പറഞ്ഞു. ആദ്യകാഴ്ചയില്‍ തന്നെ എന്നെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് അത് സംവിധാനം ചെയ്തിരിക്കുന്ന രീതിയും. കണ്ടപ്പോള്‍ ലൂസിഫര്‍ എനിക്ക് തെലുങ്കില്‍ ചെയ്യണമെന്ന് തോന്നി. എന്നാല്‍ ലൂസിഫറിന്റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് അതിനകം തന്നെ റിലീസ് ചെയ്തിട്ടുണ്ടെന്ന് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. എന്നാലും എനിക്ക് ഈ ചിത്രം ചെയ്യണമെന്നുതന്നെ തോന്നി. അതുകൊണ്ടാണ് റൈറ്റ്സ് വാങ്ങിയത്. എന്റെ അടുത്തതോ അതിനടുത്തതോ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയിരിക്കും’ എന്നാണ് ചടങ്ങില്‍ ചിരഞ്ജീവി പറഞ്ഞത്.

ലൂസിഫറിന്റെ തെലുങ്ക് റീമേക്കിന്റെ പകര്‍പ്പവകാശം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് താരം. എതായാലും ചിരഞ്ജീവിയുടെ വാക്കുകള്‍ മോഹന്‍ലാല്‍ ആരാധകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.

സ്വാതന്ത്ര്യസമര സേനാനിയായ ഉയ്യലവാഡ നരസിംഹറെഡ്ഡിയായി ചിരഞ്ജീവിയെത്തുന്ന ബ്രഹ്മാണ്ഡചിത്രം സെയ് റാ നരസിംഹ റെഡ്ഡി ഓക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും.