പൊതുസ്ഥലത്ത് വിസര്‍ജ്ജനം നടത്തിയ ദലിത് കുട്ടികളുടെ കൊലപാതകം; 12 വയസുള്ള പെണ്‍കുട്ടിയെ പ്രതികൾ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുടുംബം

single-img
29 September 2019

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ശിവ്പുരിയില്‍ പൊതുസ്ഥലത്ത് വിസര്‍ജ്ജനം നടത്തിയ ദലിത് കുട്ടികളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ ആരോപണം. കൊല്ലപ്പെട്ടതിന് 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷമാണ് പ്രതികൾ കൊലപ്പെടുത്തിയതെന്ന് കുട്ടികളുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.

താൻ അവിടെ എത്തുമ്പോള്‍ അവളുടെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞിരുന്നു. കുട്ടിയുടെ പാന്‍റ്സ് അഴിക്കാന്‍ ശ്രമിച്ചതും വ്യക്തമായി കാണാം. സംഭവിച്ചത് പൊതുസ്ഥലത്ത് വിസര്‍ജനം നടത്തിയ കൊലപാതകമല്ല. തന്റെ മകളെ അവര്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പിതാവ് പറയുന്നു. ആദ്യം കുട്ടികളുടെ കരച്ചില്‍ കേട്ടപ്പോള്‍ അവര്‍ കളിക്കുകയാണെന്ന് കരുതി.

പക്ഷെ തുടർന്ന് ആണ്‍കുട്ടിയുടെ കരച്ചിലും കേട്ടപ്പോള്‍ എന്തോ പ്രശ്നം നടക്കുന്നുണ്ടെന്ന് തോന്നി. ഉടൻ തന്നെ ഓടിച്ചെന്ന് നോക്കിയപ്പോള്‍ ആരെയും കണ്ടില്ലെന്ന് മറ്റൊരു ബന്ധു പറഞ്ഞു. അതേപോലെ, പെണ്‍കുട്ടിയെ കുറ്റവാളികള്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് ഗ്രാമീണരില്‍ ചിലരും ആരോപിച്ചു. ഈ പ്രതികള്‍ നേരത്തെയും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു.

കുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ രാമേശ്വര്‍ യാദവ്, ഹാകിം യാദവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ ലൈംഗിക പീഡനം നടത്തിയതായി രേഖപ്പെടുത്തിയിട്ടില്ല. ലൈംഗിക പീഡനം നടന്നതായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.