കൊച്ചിയില്‍ വിമാനവാഹിനിക്കപ്പലില്‍ നടന്ന മോഷണം; അന്വേഷണം ഏറ്റെടുത്ത് എൻഐഎ

single-img
26 September 2019

കൊച്ചിൻ ഷിപ്പ് യാർഡിൽ നിര്‍മാണത്തിലിരിക്കുന്ന, നാവിക സേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നടന്ന മോഷണത്തിലെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. രാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ട സംഭവമായതിനാലാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. മോഷണത്തിൽ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയറുകള്‍ നഷ്ടമായിരുന്നു. നിലവിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ ആഴ്ചയായിരുന്നു കപ്പലില്‍ മോഷണം നടന്നത് ശ്രദ്ധയില്‍പ്പെടുന്നത്. ഇപ്പോൾ തന്നെ റോ അടക്കം കേസിൽ അന്വേഷം നടത്തുന്നുണ്ട്. അതേസമയം കപ്പല്‍ശാല നല്‍കിയ പരാതിയില്‍ കേസന്വേഷിക്കാന്‍ പോലീസും പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.

എന്നാൽ കപ്പലിൽ നടന്ന കവർച്ച സാധാരണ കവർച്ച മാത്രമാണെന്നാണ് പോലീസിന്‍റെ നിഗമനം. പോലീസ് നടത്തിയ പരിശോധനയിൽ കപ്പലുമായി ബന്ധപ്പെട്ടതോ സുരക്ഷയുമായി ബന്ധപ്പെട്ടതോ ആയ രേഖകളൊന്നും നഷ്ടമായ കംപ്യൂട്ടർ ഹാർഡ് ‍ഡിസ്കിൽ ഇല്ലെന്നാണ് വിവരം.

കപ്പൽ നാവിക സേനയ്ക്ക് കൈമാറാത്തിനാല്‍ സേനയുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങളൊന്നും കപ്പലിലില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 2009ലായിരുന്നു ഐഎന്‍എസ് വിക്രാന്ത്രിന്‍റെ നിര്‍മാണം കപ്പല്‍ശാലയില്‍ ആരംഭിച്ചത്. 2022 ല്‍ ഇതിന്റെ നിർമ്മാണം പൂര്‍ത്തിയാക്കി നാവിക സേനയ്ക്ക് കൈമാറും.