വൈദികര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി; പിറവം സെന്റ് മേരീസ് പള്ളി കളക്ടർ ഏറ്റെടുത്തു

single-img
26 September 2019

സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്‍റെ പിന്‍ബലത്തില്‍ ആരാധന നടത്താനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ പക്ഷം തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷഭൂമിയായ പിറവം സെന്റ് മേരീസ് പള്ളി എറണാകുളം ജില്ലാ കളക്ടർ ഏറ്റെടുത്തു. പ്രതിഷേധിച്ച യാക്കോബായ വൈദികര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പള്ളിക്ക് പുതിയ പൂട്ടും താക്കോലും വച്ച് മുറികളും ഗേറ്റും കളക്ടര്‍ സീല്‍ ചെയ്യും. ഈ താക്കോലുകള്‍ നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. സംഘർഷാവസ്ഥയെ തുടർന്ന് ഓര്‍ത്തോഡക്‌സ് വിഭാഗം പ്രവേശിക്കുന്നതിനെതിരെ പള്ളിക്കുള്ളിൽ തമ്പടിച്ചിരിക്കുന്ന മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് വൻ പോലീസ് സംഘം പള്ളിയിലെത്തി നടപടികൾ തുടങ്ങിയത്.

ജസ്റ്റിസ് എഎം ഷഫീഖ്, എൻ അനിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെതാണ് ഉത്തരവ്. പള്ളിയുടെ ഗേറ്റ് പൂട്ടാൻ യാക്കോബായ പക്ഷത്തിന് എന്തധികാരമെന്ന് കോടതി ചോദിച്ചു. വിശ്വാസികളെ തടയാൻ ‌‌നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത്? ആരേയും തടയാൻ നിങ്ങൾക്ക് അധികാരമില്ല. യാക്കോബായ വിഭാ​​ഗക്കാരുടെ മറുപടിയല്ലാ വേണ്ടത്. വിധി നടപ്പിലാക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. വിധി നടപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടന്ന് ആരോപിച്ച് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി പരി​ഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ പരാമർശം.