ചിന്മയാനന്ദിനെതിരെ ബലാത്സം​ഗ പരാതി നൽകിയ പെണ്‍കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

single-img
25 September 2019

ബിജെപിയുടെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ബലാത്സം​ഗ പരാതി നൽകുകയും തുടര്‍ന്ന് അദ്ദേഹം നൽകിയ പിടിച്ചുപറി കേസില്‍ അറസ്റ്റിലാവുകയും ചെയ്ത നിയമവിദ്യാർഥിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

ചിന്മയാനന്ദിനെ പെൺകുട്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസില്‍ഇന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ ചോദ്യം ചെയ്യാനായി രാവിലെ പെൺകുട്ടിയെ പ്രത്യേക അന്വേഷണം സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. പെൺകുട്ടി പണം ആവശ്യപ്പെട്ടുകൊണ്ട് സ്വാമിക്ക് അയച്ച സന്ദേശങ്ങളും ഫോൺ കോളുകളും ശേഖരിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അന്വേഷണത്തിനെതിരെയുള്ള എല്ലാ ആരോപണങ്ങളും വ്യാജമാണെന്നും അന്വേഷണ സംഘം പറയുന്നു. ജാമ്യം നിഷേധിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്ത പെൺകുട്ടിയെ ഷാജഹാൻപൂരിലെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.