അടിസ്ഥാന പാഠങ്ങൾ വീണ്ടും പഠിക്കാൻ നിർമലാ സീതാരാമന്‌ അവസരം; ഇക്കണോമിക്‌സ് പുസ്തകങ്ങള്‍ അയക്കാനൊരുങ്ങി വിദ്യാർത്ഥികള്‍

single-img
25 September 2019

കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് താന്‍ മുന്‍പ് പഠിച്ചത് വീണ്ടും പഠിക്കാന്‍ അവസരമൊരുക്കി ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും ഡോക്ടറേറ്റ് നേടിയ നിര്‍മല സിതാരാമന് ഇക്കണോമിക്‌സ് പുസ്തകങ്ങള്‍ അയച്ചു കൊടുക്കാനാണ് ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്. ഇന്ത്യ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദിയാണെന്ന് നിര്‍മല സീതാരാമനും ബിജെപിയും എന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ അയക്കുന്നത്.

ഈ മാസം 27നാണ് സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ അയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇടത് വിദ്യാര്‍ത്ഥി സംഘടനയായ ഐസയാണ് വിത്യസ്തമായ ഈ സമരത്തിന്റെ പിന്നില്‍. സാമ്പത്തിക ശാസ്ത്രത്തിലെ പ്രാഥമികമായ കാര്യങ്ങള്‍ പോലും മന്ത്രി മറന്നുപോയിരിക്കുന്നുവെന്ന് ഐസ ദല്‍ഹി അദ്ധ്യക്ഷ കവാല്‍പ്രീത് കൗര്‍ പറയുന്നു.

ഇടയ ഇപ്പോള്‍ വലിയ തൊഴിലില്ലായ്മയാണ് നേരിടുന്നത്. ജനങ്ങളുടെ വാങ്ങല്‍ ശേഷി ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പകരം കോര്‍പ്പറേറ്റുകള്‍ക്ക് ആശ്വാസമേകുന്ന നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നതെന്നും കവാല്‍പ്രീത് കൗര്‍ പറഞ്ഞു. വിവിധ കോളേജുകളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിച്ച് നിര്‍മ്മല സീതാരാമന് നേരിട്ട് നല്‍കാനാണ് ശ്രമം. നേരിട്ട് നല്‍കാന്‍ പറ്റിയില്ലെങ്കില്‍ അയച്ചു കൊടുക്കും. അവര്‍ക്ക് ഇഷ്ടപ്പെടുന്ന സാമ്പത്തിക ശാസ്ത്ര പുസ്തകങ്ങള്‍ നല്‍കാന്‍ ആളുകള്‍ തയ്യാറാണെന്നും കവാല്‍പ്രീത് കൗര്‍ കൂട്ടിച്ചേര്‍ത്തു.